ചെന്നൈ :- ആഴക്കടൽ പര്യവേക്ഷണത്തിനുള്ള ഇന്ത്യയുടെ 'സമുദ്രയാൻ' മനുഷ്യ ദൗത്യത്തിനുള്ള പേടകം 'മത്സ്യ 6000' ചെന്നൈ തുറമുഖത്ത് പരീക്ഷണം നടത്തി. അടുത്ത വർഷം ആദ്യം, ഗവേഷകരെ വഹിച്ച് പേടകം സമുദ്രത്തിൽ 500 മീറ്റർ വരെ ആഴത്തിലെത്തി പരീക്ഷണങ്ങൾ നടത്തും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ (എൻഐഒടി) ശാസ്ത്രജ്ഞർ രമേഷ് രാജു, ജിതേന്ദർപാൽ സിങ് എന്നിവരാണു ദൗത്യത്തിൽ പങ്കാളികളാകുക.
മൂന്നു പേർക്കു കയറാവുന്ന പേടകത്തിനു 12 മണിക്കൂർ കടലിന് അടിയിൽ ചെലവഴിക്കാനാകും. ഐഎസ്ആർഒയുടെ ബഹിരാകാശ യാത്രയ്ക്കുള്ള ക്രൂ മൊഡ്യൂൾ നിർമിക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണു'മത്സ്യ-6000' പേടകത്തിന്റെയും നിർമാണം. 6,000 മീറ്റർ ആഴത്തിലെത്തി പഠനം നടത്താനുള്ള പദ്ധതിയുടെ പ്രാഥമിക ഘട്ടമാണു നടത്തിയത്. മനുഷ്യർ നേരിട്ട് 6000 മീറ്റർ ആഴത്തിലെത്തി നടത്തുന്ന പരീക്ഷണം യുഎസ്, റഷ്യ, ചൈന, ജപ്പാൻ, ഫ്രാൻസ് എന്നീ രാജ്യങ്ങൾ മാത്രമാണു നടത്തിയിട്ടുള്ളത്.
