തിരുവനന്തപുരം :- പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓഫിസുകളിൽ സംസ്‌ഥാന വ്യാപകമായി വിജിലൻസ് നടത്തിയ പരിശോധനയിൽ കുട്ടികളുടെ വ്യാജപ്രവേശനവും ഭിന്നശേഷി നിയമനത്തട്ടിപ്പും ഉൾപ്പെടെ വ്യാപക ക്രമക്കേടുകളും കൈക്കൂലി ഇടപാടുകളും കണ്ടെത്തി. ചില ഓഫിസുകളിൽ നിന്ന് കണക്കിൽപെടാത്ത പണവും പിടിച്ചെടുത്തു. വകുപ്പിലെ വിരമിച്ച ഉദ്യോഗസ്‌ഥർ സർവീസ് കൺസൽറ്റൻ്റ് എന്ന പേരിൽ അഴിമതിയുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നതായാണു കണ്ടെത്തൽ. എയ്ഡഡ് സ്‌കൂൾ അധ്യാപകരുടെയും ജീവനക്കാരുടെയും സർവീസ് ആനൂകൂല്യങ്ങൾ അനുവദിക്കുന്നതിനായി ഓൺലൈനായി പോലും കൈക്കൂലി കൈപ്പറ്റിയതായാണു കണ്ടെത്തൽ. ചില എയ്‌ഡഡ് സ്കൂളുകളിലെ മാനദ ണ്ഡങ്ങൾ പാലിക്കാതെയുള്ള ഭിന്നശേഷി നിയമനങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇത്തരത്തിൽ തിരുവനന്തപുരം റീജനൽ ഡപ്യൂട്ടി ഡയറക്‌ടറുടെ കീഴിൽ വരുന്ന ഒരു സ്കൂളിൽ 11 പേരെയാണു നിയമിച്ചിരിക്കുന്നത്.
കണ്ണൂർ തളിപ്പറമ്പ്, തലശ്ശേരി മേഖലയിലെ ചില എയ്‌ഡഡ് സ്‌കൂളുകളിൽ അധ്യാപക തസ്തിക നിലനിർത്തുന്നതിനായി കേന്ദ്രീയ വിദ്യാലയത്തിലും മറ്റ് അൺഎയ്ഡഡ് സ്കൂളുകളിലും പഠിക്കുന്ന കുട്ടികളെ പ്രവേശനം നേടിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് കണ്ടെത്തൽ. 55 കേന്ദ്രങ്ങളിലായിരുന്നു'ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' എന്ന പേരിൽ കഴിഞ്ഞ ദിവസം മിന്നൽ പരിശോധന. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം അറിയിച്ചു.
വിജിലൻസ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ഇടനിലക്കാരായി പ്രവർത്തിച്ച മുൻ ഉദ്യോഗസ്ഥർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. വകുപ്പ് തലത്തിൽ ഒരു ആഭ്യന്തര അന്വേഷണ സമിതി ഉടൻ രൂപീകരിച്ച് അഴിമതിക്ക് വഴിവച്ചതായി കണ്ടെത്തിയ എല്ലാ ഫയലുകളും നടപടിക്രമങ്ങളും പരിശോധിക്കും. പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ഓഫിസുകളുടെ പ്രവർത്തനങ്ങൾ പൂർണമായി ഓൺലൈൻ/ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് മാറ്റും. അപേക്ഷകൾ വൈകിപ്പിക്കുന്നത് തടയാൻ സമയപരിധി നിശ്ചയിച്ച് നടപടിക്രമങ്ങൾ പരിഷ്കരിക്കുമെന്നും പറഞ്ഞു.
