കണ്ണൂർ :- ഓൺലൈൻ വ്യാപാരത്തിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 63-കാരിയിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമം ബേങ്ക് അധികൃതരും സൈബർ പോലീസും ചേർന്ന് പരാജയപ്പെടുത്തി. 25,000 രൂപ അടച്ചാൽ 30 ലക്ഷം രൂപ ലഭിക്കുമെന്നും എത്രയും പെട്ടെന്ന് പണം അയക്കണമെന്നാണ് തട്ടിപ്പുസംഘം വാട്‌സ്ആപ്പിലൂടെ അറിയിച്ചത്. ഇതേത്തുടർന്ന് കടലായി സ്വദേശിനിയായ 63-കാരി വീട്ടുകാരറിയാതെ പണവുമായി ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ശാഖയിൽ എത്തുകയായിരുന്നു. പണം അയക്കാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ അസി. മാനേജർ പി.ശ്രീധർ സീനിയർ മാനേജർ ദിവ്യയെ അറിയിച്ചു. തുടർന്ന് സൈബർ പോലീസിനെ വിവരമറിയിച്ചു.
ബാങ്കിലെത്തിയ പോലീസ് സ്ത്രീയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. തട്ടിപ്പുസംഘത്തിൻ്റെ അക്കൗണ്ടിലേക്കാണ് പണം അയക്കാൻ ശ്രമിച്ചതെന്നും തട്ടിപ്പുകാർക്ക് ഇത്തരം രീതിയാണെന്നും സൈബർ പോലീസ് ബോധ്യപ്പെടുത്തി. വഞ്ചന മനസ്സിലായ സ്ത്രീ ബാങ്കധികൃതർക്കും പോലീസിനും നന്ദി പറഞ്ഞ് മടങ്ങി. ബാങ്ക് ജീവനക്കാരുടെ സമയോചിതമായ ഇടപെടലാണ് തട്ടി പ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്. സൈബർ പോലീസ് സബ് ഇൻസ്പെക്ടർ എസ്.വി മിഥുൻ, എസ്ഐ ജ്യോതി, എഎസ്ഐ പ്രവീണ, സിപിഒ സുനിൽ എന്നിവരാണ് ബാങ്കിലെത്തിയത്.
