തിരുവനന്തപുരം :- കെ എസ് ആർ ടി സിയ്ക്ക് വേണ്ടി പുത്തൻ പുതിയ വോൾവോ 9600SLX ബസുകൾ കേരളത്തിലെ നിരത്തുകളിലേക്ക് ഉടൻ എത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. മന്ത്രിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ബസിന്റെ ചിത്രങ്ങൾ ആദ്യമായി പങ്കുവച്ചത്. കെ എസ് ആർ ടി സി യുടെ കേരളപ്പിറവി സമ്മാനം എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ബസിൻ്റെ അകത്തെ സൗകര്യങ്ങളോ റൂട്ടോ അടങ്ങിയ അധിക വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഹാപ്പി ലോംഗ് ലൈഫ് എന്ന പേരിൽ ക്യാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസ്സുകളിൽ സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചു.
ക്യാൻസർ രോഗികൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മന്ത്രി നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും കീമോതെറാപ്പി റേഡിയേഷൻ, ചികിത്സാ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് കെഎസ്‌ആർടിസിയുടെ ഓർഡിനറി മുതൽ സൂപ്പർഫാസ്റ്റ് വരെയുള്ള എല്ലാ തരം ബസ്സുകളിലും സൗജന്യ യാത്ര അനുവദിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ചെയർമാൻ & മാനേജിംഗ് ഡയറക്‌ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി. സൗജന്യ യാത്രയ്ക്കായുള്ള അപേക്ഷ പരിഗണിച്ച് അർഹരായവർക്ക് 'ഹാപ്പി ലോംഗ് ലൈഫ് RFID യാത്രാ കാർഡ് 'അപേക്ഷകന്റെ വീട്ടിൽ നേരിട്ട് കെഎസ്ആർടിസി എത്തിക്കും.
