ഏഴുവലയങ്ങളുള്ള സുരക്ഷാസംവിധാനങ്ങളുമായി ഇ പാസ്പോർട്ടുകൾ നിലവിൽ വരുന്നു


ന്യൂഡൽഹി :- വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്ന ആർഎഫ്ഐഡി ചിപ്പ് ഉൾപ്പെടെ ഏഴുവലയങ്ങളുള്ള സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തിയ ഇ പാസ്പോർട്ടുകൾ 2035 ജൂൺ മുതൽ രാജ്യവ്യാപകമായി നിലവിൽവരും. അതുവരെ നിലവിലുള്ള പാസ്പോർട്ടുകൾ ഉപയോഗിക്കാം. സാധാരണ പാസ്പോർട്ടുകളുടെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇ പാസ്പോർട്ടുകൾ നൽകും.

പുതുതായി വിതരണം ചെയ്യുന്ന പാസ്പോർട്ടുകളെല്ലാം ഇ പാസ്പോർട്ടുകളായിരിക്കും. പാസ്പോർട്ടുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ തടയാനും ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനുംഇ പാസ്പോർട്ടുകൾ പ്രയോജനകരമാകുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. നിർമാണത്തിൻ്റെ ചെലവ് കൂടുമെങ്കിലും ഫീസ് വർധിപ്പിച്ചിട്ടില്ല. എൻക്രിപ്റ്റുചെയ്ക്ക് സുരക്ഷിതമാക്കിയ ബയോമെട്രിക് വിശദാംശങ്ങൾ മുഴുവൻ ശേഖരിച്ചുവെക്കാൻ ശേഷിയുള്ളതായിരിക്കും ചിപ് ഘടിപ്പിച്ച പാസ്പോർട്ട്.

സാധാരണ പാസ്പോർട്ടിൻ്റെ രൂപത്തിലുള്ള ഇ പാസ്പോർട്ടിൻ്റെ അവസാനപേജിലാണ് ആർഎഫ്ഐഡി ചിപ്പുകൾ ഘടിപ്പിക്കുക. ഈ ചിപ്പുകൾ ട്രാക്ക് ചെയ്യാനാകില്ല. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷൻ കേന്ദ്രങ്ങളിൽ ഇവ റീഡ് ചെയ്യാനുള്ള യന്ത്രങ്ങളിൽ പ്രവേശിപ്പിക്കുമ്പോഴേ ചിപ്പുകൾ പ്രവർത്തനക്ഷമമാകൂ. ഇന്ത്യയിൽ എല്ലാ വിമാനത്താവളങ്ങളിലും ഇതിനുള്ള സംവിധാനമുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിലുള്ള പാസ്പോർട്ടിന്റെ രൂപം തന്നെയായിരിക്കും ഇ പാസ്പോർട്ടിനും.

ഇ പാസ്പോർട്ട് പരിശോധനാ സംവിധാനത്തെ ഡിജിലോക്കർ, ആധാർ, പാൻ എന്നിവയുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ തടസ്സമില്ലാതെ രേഖ പരിശോധിക്കാം. ഇമിഗ്രേഷൻ കൗണ്ടറുകളിൽ രേഖകളുടെ പരിശോധനയ്ക്ക് റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ (ആർപിഎ), ടച്ച് സ്ക്രീൻ ഫീഡ് ബാഗ്, ഇലക്ട്രോണിക് സിഗ്നേച്ചർ പാഡുകൾ, റിയൽ ടൈം എംഐഎസ് ഡാഷ് ബോർഡുകൾ എന്നിവയും ഏർപ്പെടുത്തും. 30 മിനിറ്റിനകം ഇമിഗ്രേഷൻ പൂർത്തീകരിക്കാനാകും.

Previous Post Next Post