ഗുരുവായൂർ ക്ഷേത്ര ദർശനം ; ആഴ്ചയിൽ രണ്ടുദിവസം ഓൺലൈൻ ബുക്കിങ്ങുള്ളവർക്ക് മാത്രമാക്കണമെന്ന് ഹൈക്കോടതി


കൊച്ചി :- ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ദൂരസ്ഥലങ്ങളിൽ നിന്ന് എത്തുന്നവർക്കു വേണ്ടി ആഴ്ചയിൽ രണ്ടുദിവസം ഓൺലൈൻ ബുക്കിങ്ങിനു മാത്രമായി നീക്കി വയ്ക്കണമെന്നു ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് ദർശനസമയം കൂട്ടുന്നതു പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഭക്‌തരുടെ എണ്ണം വർധിക്കുകയും ക്യൂ മണിക്കൂറുകൾ നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ ദർശനം സുഗമമാക്കാനുള്ള മാർഗനിർദേശങ്ങൾ കോടതി പുറപ്പെടുവിച്ചു. ദേവസ്വം മാനേജിങ് കമ്മിറ്റി പ്രശ്‌നപരിഹാരത്തിനുള്ള കർമപദ്ധതി 2 മാസത്തിനകം തയാറാക്കണമെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്‌റ്റിസ് കെ.വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശം നൽകി.

ഭക്തരുടെ ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി പി.വി രാധാക്യഷ്ണൻ, അഡ്വ. ലേഖ സുരേഷ്, സി.എം സുരേഷ് തുടങ്ങിയവർ നൽകിയ ഹർജികൾ തീർപ്പാക്കിയാണു നടപടി. വകുപ്പുകളുടെ ഏകോപനത്തിന് ദേവസ്വം മാനേജിങ് കമ്മിറ്റി ചെയർമാൻ/അംഗം, കലക്ടർ, ജില്ലാ പൊലീസ് മേധാവി, നഗരസഭാ സെക്രട്ടറി, ഡിഎംഒ എന്നിവരും ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് പ്രതിനിധികളും ഉൾപ്പെട്ട ഉന്നതതല സമിതിയെ നിയോഗിച്ചു.

മാർഗനിർദേശങ്ങൾ

സാധാരണ ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും ക്ഷേത്രത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നവരുടെ എണ്ണം ശാസ്ത്രീയമായി തിട്ടപ്പെടുത്തി, പ്രതിദിന പ്രവേശന പരിധി നിശ്ചയിക്കണം.

ഭക്തരുടെ നീക്കം സുഗമമാക്കാൻ പ്രത്യേകം എൻട്രി, എക്സിറ്റ് പോയിന്റുകൾ വേണം

300- 500 പേരുൾപ്പെട്ട ഗ്രൂപ്പുകളെ എ, ബി, സി എന്നിങ്ങനെ തിരിച്ച് ഓരോ ഗ്രൂപ്പിനും ഏകദേശ ദർശന സമയം അനുവദിക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കണം.

ചടങ്ങുകളുടെ സമയവിവരം അറിയിക്കാൻ മൊബൈൽ ആപ്പും ദർശനത്തിനുള്ള ക്യൂ പുരോഗമിക്കുന്നതു കാണിക്കുന്ന ഡിജിറ്റൽ ഡി‌സ്പ്ലേയും വേണം.

ഭക്തർക്കു വെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, തണൽ, ഫാൻ എന്നിവ ഉറപ്പാക്കണം.

മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും കൈക്കുഞ്ഞുള്ള അമ്മമാർക്കും വിശ്രമ സ്‌ഥലവും ദർശനത്തിനു മുൻഗണനയും ഉറപ്പാക്കണം.

ഭക്തർക്കു മാന്യമായ ദർശനം ഉറപ്പാക്കണം. ജീവനക്കാരുടെ മോശം പെരുമാറ്റം ഒഴിവാക്കാൻ പരിശീലനം നൽകണം.

Previous Post Next Post