തെരുവ്നായശല്യം തടയാൻ ആരോഗ്യ സ്ഥാപനങ്ങളിൽ കഴിയുന്നത്ര ചുറ്റുമതിലുകളും ഗേറ്റും സ്ഥാപിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം


തിരുവനന്തപുരം :- സംസ്ഥാനത്തെ ആരോഗ്യ വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും തെരുവുനായ്ക്കളുടെ സാന്നിധ്യം ഒഴിവാക്കുന്നതിനു കഴിയുന്നത്ര ചുറ്റുമതിലുകളും ഗേറ്റും സ്ഥാപിക്കണമെന്നു നിർദേശം. തെരുവു നായ്ക്കളെ പ്രതിരോധിക്കാനുള്ള അറ്റകുറ്റപ്പണികൾ നടത്തുന്ന തിന് ആശുപത്രി വികസന സമിതി, തദ്ദേശസ്ഥാപനം, കാസ്പ് എന്നിവയുടെ ഫണ്ടുകൾ വിനിയോഗിക്കാം. 

ജനുവരി 7ന് അകം ഈ പണികൾ പൂർത്തിയാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. എല്ലാ മേധാവികളും തങ്ങളുടെ സ്ഥാപനത്തിനുള്ളിൽ തെരുവു നായ്ക്കൾ എത്തുന്നുണ്ടോയെന്നു പരിശോധിച്ച് ഉടൻ തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കണം.

 മറ്റു പ്രധാന നിർദേശങ്ങൾ

എല്ലാ സ്‌ഥാപനങ്ങളിലും ഖര മാലിന്യ സംസ്കരണം നടത്തി തെരുവുനായ്ക്കൾക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണം. തദ്ദേശ സ്‌ഥാപനങ്ങൾ നിർണയിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രം മൃഗങ്ങൾക്കു ഭക്ഷണം നൽകാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കണം.

സ്ഥാപനങ്ങളിൽ നായ്ക്കളെയോ മറ്റു സസ്തനികളെയോ വളർത്തുമൃഗങ്ങളായി പരിപാലിക്കരുത്.

ശുചിത്വം ഉറപ്പാക്കാൻ നോഡൽ ഓഫിസറെ നിയമിക്കണം. ഈ ഓഫിസറുടെ പേരും മൊബൈൽ നമ്പറും സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.

മൃഗങ്ങളുടെ കടിയേറ്റാൽ പ്രഥമശുശ്രൂഷ, ഉടനടി റിപ്പോർട്ട് ചെയ്യുന്നതിന്റെ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ച് സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവബോധ ക്ലാസുകൾ നടത്തണം.

Previous Post Next Post