കൊച്ചി :- കേരളത്തിന്റെ മലബാർ ചിക്കൻ കറിയും ബിരിയാണിയുമുൾപ്പെടെ ഉൾപ്പെടുത്തി ആഭ്യന്തര- രാജ്യാന്തര വിമാന സർവീസുകളിൽ പുതുക്കിയ ഭക്ഷണ മെനു അവതരിപ്പിച്ച് എയർ ഇന്ത്യ. ഇന്ത്യൻ രുചികളും രാജ്യാന്തര വിഭവങ്ങളും ഉൾപ്പെടുത്തിയതാണ് പുതിയ മെനു. ജാപ്പനീസ്, കൊറിയൻ, യൂറോപ്യൻ, ഗൾഫ് വിഭവങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫസ്‌റ്റ്ക്ലാസ്, ബിസിനസ് ക്ലാസ്, പ്രീമിയം ഇക്കോണമി തുടങ്ങി എല്ലാ വിഭാഗം യാത്രക്കാർക്കും പ്രത്യേകം ഓപ്ഷനുകളുണ്ട്.
ഡൽഹിയിൽ നിന്ന് ലണ്ടൻ ന്യൂയോർക്ക്, മെൽബൺ, സിഡ്നി, ടൊറന്റോ, ദുബായ് എന്നി വിടങ്ങളിലേക്കുള്ള വിമാനങ്ങൾ ഉൾപ്പെടെ ഇന്ത്യയ്ക്ക് പുറത്തേക്കുള്ള മിക്ക രാജ്യാന്തര റൂട്ടുകളിലും പുതിയ മെനു അവതരിപ്പിച്ചു. മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കും മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്കുമുള്ള വിമാനങ്ങളിലും പുതിയ മെനു ലഭ്യമാണ്. ഷെഫ് സന്ദീപ് കൽറയാണ് പുതിയ ഭക്ഷണ മെനു രൂപകൽപന ചെയ്തത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ എയർ ഇന്ത്യ മൊബൈൽ ആപ്പിലൂടെ ഇഷ്ടപ്പെട്ട ഭക്ഷണം മുൻകൂർ തിരഞ്ഞെടുക്കാം.
