അമേരിക്കയിൽ നിന്ന് എൽപിജി വാങ്ങാനൊരുങ്ങി ഇന്ത്യ ; കരാറിൽ ഒപ്പ് വെച്ചു


മുംബൈ :- അമേരിക്കയിൽ നിന്ന് പാചകവാതകം ഇറക്കുമതി ചെയ്യാൻ ദീർഘകാല കരാറൊപ്പിട്ട് ഇന്ത്യ. പൊതുമേഖലാ എണ്ണക്കമ്പനികൾ ആദ്യമായാണ് അമേരിക്കയിൽ നിന്ന് എൽപിജിയെത്തിക്കാൻ ധാരണയാകുന്നത്. രാജ്യത്തിന്റെ ഊർജസുരക്ഷയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദിപ് സിങ്പുരി അറിയിച്ചു. ലോകത്തിലെ രണ്ടാമത്തെ വലുതും ഏറ്റവും വേഗം വളരുന്നതുമായ എൽപിജി വിപണി അമേരിക്കയ്ക്കായി തുറക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കരാർപ്രകാരം 2026-ൽ ഏകദേശം 22 ലക്ഷം ടൺ എൽപിജിയാണ് ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങുക. രാജ്യത്തെ വാർഷിക എൽപിജി ഇറക്കുമതിയുടെ 10 ശതമാനം വരുമിത്. ഇതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവർ അമേരിക്കൻ എണ്ണക്കമ്പനികളുമായി ചർച്ച നടത്തിയതായും മന്ത്രി വ്യക്തമാക്കി.

രാജ്യം എൽപിജി സ്രോതസ്സ് വൈവിധ്യവത്‌കരിക്കുകയാണെന്നും ജനങ്ങൾക്ക് ചെലവു കുറച്ച്, തടസ്സമില്ലാതെ വാതകം ലഭ്യമാക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എക്സിലൂടെ വ്യക്തമാക്കി. ഇന്ത്യൻ കുടുംബങ്ങൾക്ക്, പ്രത്യേകിച്ച് പ്രധാനമന്ത്രി ഉജ്ജ്വല യോജനയുടെ ആനുകൂല്യം നേടുന്ന വനിതകൾക്ക് കുറഞ്ഞ ചെലവിൽ എൽപിജി ലഭ്യമാക്കാനാണ് ശ്രമം. കഴിഞ്ഞവർഷം അന്താരാഷ്ട്ര എൽപിജി വിലയിൽ 60 ശതമാനത്തിനടുത്ത് വർധനയുണ്ടായി. എന്നാൽ, ഇന്ത്യൻ ഗാർഹികവിപണിയിൽ ഇതു പ്രതിഫലിച്ചിട്ടില്ല. ഉജ്ജ്വല യോജനക്കാർക്ക് സിലിണ്ടറിന് 500-550 രൂപ നിരക്കിലാണ് എൽപിജി ലഭിക്കുന്നത്. മറ്റുള്ളവർക്കിത് ശരാശരി 1,100 രൂപയാണ്. അന്താരാഷ്ട്ര വിലവർധനയുടെ ആഘാതം ആഭ്യന്തരവിലയിൽ പ്രതിഫലിക്കാതിരിക്കാനായി 40,000 കോടിയുടെ ബാധ്യതയാണ് കേന്ദ്രം ഏറ്റെടുത്തതെന്നും അദ്ദേഹം പറയുന്നു.

രാജ്യത്തുപയോഗിക്കുന്ന പാചകവാതകത്തിൽ 50 ശത മാനത്തിലധികം ഇറക്കുമതി ചെയ്യുകയാണ്. ഭൂരിഭാഗവും പശ്ചിമേഷ്യൻ വിപണികളിൽ നിന്നാണ്. ഇന്ത്യ -അമേരിക്ക വ്യാപാരക്കരാർ ഉടനുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൽപിജി കരാറെന്നത് ശ്രദ്ധേയമാണ്. വ്യാപാരക്കരാറിൽ അമേരിക്ക ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് ഊർജമേഖലയിലെ ദീർഘകാല സഹകരണം. ഇതിന്റെയടിസ്ഥാനത്തിൽ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക തുടർച്ചയായി ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഇതിനു തയ്യാറാകാതെ വന്നതോടെയാണ് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 25 ശതമാനം പിഴത്തീരുവ ചുമത്തിയത്.

Previous Post Next Post