ബിഎൽഒമാർക്കെതിരെ സമൂഹമാധ്യമങ്ങൾ വഴിയോ സൈബർ ഇടത്തിലോ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും ഐടി ആക്ട് അനുസരിച്ചുള്ള നടപടിക്കു നിർദേശിച്ചിട്ടുണ്ട്. കണ്ണൂരിലെ ബിഎൽഒ ജീവനൊടുക്കിയതിനെ തുടർന്ന് പ്രതിഷേധസൂചകമായി ജോലിയിൽ നിന്നു വിട്ടുനിന്ന ബിഎൽഒമാർക്ക് എതിരെ നടപടിയെടുക്കില്ല. അവരുടെ വികാരം മനസ്സിലാക്കുന്നു. ഇവരെ ജോലിയിൽ നിന്നു പിരിച്ചുവിടുമെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വ്യാജപചാരണമുണ്ട്. ഇവ സൈബർ പോലീസിൻ്റെ സഹായത്താൽ ചെറുക്കുമെന്നും സിഇഒ പറഞ്ഞു.
പ്രതിഷേധങ്ങളെ തുടർന്ന് ബിഎൽഒമാരുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സർവീസ് സംഘടനകൾക്കുമെതിരെയുള്ള പരോക്ഷമായ മുന്നറിയിപ്പും വാർത്താ സമ്മേളനത്തിലുണ്ടായി. ഭരണഘടനാപരമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നിയമിച്ച ഉദ്യോഗസ്ഥരായ ബിഎൽഒമാരുടെ നിയന്ത്രണവും മേൽനോട്ടവും നിരീക്ഷണവും കമ്മിഷന്റെ അധികാരമാണ്. ബിഎൽഒമാരുടേത് ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.
കണ്ണൂരിലെ ബിഎൽഒ അനീഷ് ജോർജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കലക്ടറുടെ ഇടക്കാല റിപ്പോർട്ട് കേന്ദ്ര കമ്മിഷന് കൈമാറിയിട്ടുണ്ട്. അന്തിമ റിപ്പോർട്ട് വരാനുണ്ട്. കമ്മിഷൻ നിർദേശപ്രകാരമാകും തുടർനടപടിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും സിഇഒ വ്യക്തമാക്കി.