ശബരിമല :- ശബരിമല ഭക്തർക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ ഉടൻ ഇടപെടാവുന്നവിധത്തിൽ ആരോഗ്യസംവിധാനങ്ങൾ സജ്ജമാണ്. അലോപ്പതി, ആയുർവേദം, ഹോമിയോ ആശുപത്രികൾ സന്നിധാനത്തിൻ്റെ പരിസരത്ത് സജ്ജമാണ്. വലിയനടപ്പന്തലിന്റെ വലതു ഭാഗത്താണ് ആധുനിക സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രി.
24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിതവിഭാഗം, ഒപി, ലാബ്, എക്സ‌്റേ, ഇസിജി, ഓപ്പറേഷൻ തിയേറ്റർ, ഐസിയു വാർഡ് എന്നിവയുണ്ട്. ഹൃദയാഘാതം, പേവിഷബാധ എന്നിവയ്ക്കുള്ള മരുന്നും പാമ്പിൻ പ്രതിവിഷവും ലഭ്യമാണ്. ഇതിന് നേരേ എതിർവശത്താണ് ആയുർവേദ ആശുപത്രി. കൈകാൽവേദന, ഉളുക്ക് എന്നിവയ്ക്കുള്ള ചികിത്സയും പഞ്ചകർമചികിത്സയും ലഭ്യമാണ്. ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ട്, ഉദരസംബന്ധമായ പ്രശ്നങ്ങൾ, അലർജി, ത്വഗ്രോഗം എന്നിവയെല്ലാം ചികിത്സ ലഭിക്കും.
