മയ്യിൽ :- പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജനകീയ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതിയുടെ മികച്ച മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റ ഉദ്ഘാടനവും ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ വിദ്യാലയങ്ങളുടെ ഭൗതിക സാഹചര്യങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്. ഹൈടെക് ക്ലാസ് മുറികൾ, മികച്ച ലാബുകൾ, ലൈബ്രറികൾ, ആധുനിക കെട്ടിട സമുച്ചയങ്ങൾ തുടങ്ങിയവ സർക്കാർ സ്‌കൂളുകളുടെ മുഖമുദ്രയായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി ഒന്നര കോടി രൂപ ചെലവിൽ നിർമിച്ച പുതിയ കെട്ടിടത്തിൽ ആറ് ക്ലാസ് മുറികളും ശൗചാലയങ്ങളും ഉൾപ്പെടുന്നു. എ ഇ ഒ ഓഫീസിനായാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനാണ് നിർമാണ ചുമതല. എം.വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി, മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എൻ.വി ശ്രീജിനി, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി ഓമന, ഗ്രാമപഞ്ചായത്ത് അംഗം ഇ.എം സുരേഷ് ബാബു, കണ്ണൂർ ആർ ഡി ഡി കെ.എ വിനോദ് കുമാർ, ഡി ഡി ഇ ഡി ഷൈനി, ഡി ഇ ഒ എസ് വന്ദന, എ ഇ ഒ കെ.കെ രവീന്ദ്രൻ, തളിപ്പറമ്പ് മണ്ഡലം സമഗ്ര വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.സി ഹരികൃഷ്ണൻ, എസ് എസ് കെ ഡി പി സി ഇ.സി വിനോദ്, വിദ്യാകിരണം ജില്ലാ കോ ഓർഡിനേറ്റർ കെ.സി സുധീർ, പ്രധാനധ്യാപകൻ പി.വി മനോജ് കുമാർ, പി ടി എ പ്രസിഡന്റ് കെ അജയകുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


