തീവ്രന്യൂനമർദ്ദം സെൻയാർ ചുഴലിക്കാറ്റായി മാറി ; ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദവും ശക്തിപ്രാപിക്കുന്നു, കേരളത്തിൽ മഴയ്ക്ക് സാധ്യത


ദില്ലി :- മലാക്ക കടലിടുക്കിൽ രൂപം കൊണ്ട് തീവ്രന്യൂനമർദം ചൊവ്വാഴ്ച രാത്രിയിൽ സെൻയാർ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ആറ് മണിക്കൂറിനുള്ളിൽ മണിക്കൂറിൽ 10 കിലോമീറ്റർ വേഗതയിൽ ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങിയതായും ഐഎംഡി വ്യക്തമാക്കി. ബുധനാഴ്‌ച പുലർച്ചെ 5:30 വരെ, സെൻയാർ ചുഴലിക്കാറ്റ് മലാക്ക കടലിടുക്കിനും വടക്കുകിഴക്കൻ ഇന്തോനേഷ്യയുടെ സമീപ ഭാഗങ്ങൾക്കും മുകളിലായിരുന്നു സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ചുഴലിക്കാറ്റിൻ്റെ തീവ്രത നിലനിർത്താനും പിന്നീട് ക്രമേണ ദുർബലമാകാനും സാധ്യതയുണ്ടെന്നും ഐഎംഡി പറയുന്നു. 

ഇന്ന് ഉച്ചക്ക് ശേഷം കൊടുങ്കാറ്റ് ഇന്തോനേഷ്യ തീരം തൊടുമെന്ന് പ്രതീക്ഷിക്കുന്നു. കുറച്ചുനേരം പടിഞ്ഞാറ്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും അടുത്ത രണ്ട് ദിവസങ്ങളിൽ കിഴക്കോട്ട് തിരിയുകയും ചെയ്യും. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്ക് ഭാഗത്തുള്ള പ്രദേശങ്ങളിലും രൂപപ്പെട്ട ഒരു ന്യൂനമർദ്ദം 'വെൽ മാർക്കഡ് ന്യൂനമർദ്ദ മേഖല'യായി മാറിയെന്നും അത് കൂടുതൽ ശക്തി പ്രാപിച്ച് ഒരു ന്യൂനമർദ്ദമായി മാറുമെന്നും ഏജൻസി അറിയിച്ചു.

നവംബർ 25 മുതൽ 30 വരെ തമിഴ്‌നാട്ടിലും 26ന് കേരളത്തിലും മാഹിയിലും, നവംബർ 29 മുതൽ ഡിസംബർ 1 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും, നവംബർ 25 മുതൽ 29 വരെ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. നവംബർ 28 മുതൽ 30 വരെ തമിഴ്‌നാട്ടിലും, നവംബർ 26, 27 തീയതികളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും, നവംബർ 30 ന് തീരദേശ ആന്ധ്രാപ്രദേശ്, യാനം, റായലസീമ എന്നിവിടങ്ങളിലും കനത്ത മഴ പെയ്യും. നവംബർ 29 ന് മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിലും, നവംബർ 25 ന് മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിലും, നവംബർ 26 മുതൽ 28 വരെ മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ട്.

Previous Post Next Post