കണ്ണാടിപ്പറമ്പ് :- വയലിലേക്ക് പഠനയാത്ര സംഘടിപ്പിച്ച് കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. കണ്ണാടിപ്പറമ്പ് എൽ.പി സ്കൂൾ ഹരിത ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് നാറാത്ത് കൃഷിഭവൻ്റെ കീഴിലുള്ള വെണ്ടോട് പാടശേഖരത്തിലേക്ക് പഠനയാത്ര സംഘടിപ്പിച്ചത്. കുട്ടികൾ വയലിലെ കാഴ്ചകൾ കണ്ട് യന്ത്ര കൊയ്ത്തിൻ്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കി.
കുട്ടികൾ പരമ്പരാഗത കർഷകനായ മനോജിൽ നിന്നും കൃഷിയെക്കുറിച്ചും കൊയ്ത്ത് യന്ത്രത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചോദിച്ച് മനസ്സിലാക്കി. നെല്ലും നെൽ കൃഷിയും അന്യമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ നെൽ കൃഷിയെക്കുറിച്ചറിയാനും കൃഷിയിലെ യന്ത്രവൽക്കരണത്തെക്കുറിച്ച് മനസ്സിലാക്കാനും പഠനയാത്രകൾ സഹായകമായി. സ്കൂൾ പ്രധാനാധ്യാപിക രമ്യാ രാജൻ നേതൃത്വം നൽകി. വിദ്യാർത്ഥികൾക്കൊപ്പം പി.ടി.എ പ്രസിഡൻ്റ് മുഹമ്മദ് കുഞ്ഞി പാറപ്രം, നസീമ ടീച്ചർ, ബീന ടീച്ചർ, ജിഷ്ണു മാസ്റ്റർ എന്നിവർ പങ്കെടുത്തു.

