കമ്പിൽ :- കമ്പിൽ ടൗണിലെ എ ഐ ക്യാമറയുടെ കണ്ണ് വെട്ടിച്ചുള്ള ബൈക്ക് യാത്രികരുടെ സാഹസിക യാത്ര മറ്റ് യാത്രക്കാർക്ക് ഭീഷണിയാകുന്നു. കമ്പിലിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന വഴിയിൽ റോഡിന്റെ വലതുഭാഗത്തായാണ് വർഷങ്ങൾക്ക് മുന്നേ ക്യാമറ സ്ഥാപിച്ചത്. സാധാരണയായി കണ്ണൂർ ഭാഗത്തുനിന്നും മയ്യിൽ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടതുഭാഗത്തൂടെ പോകുന്നതിന് പകരം ക്യാമറയിൽ ദൃശ്യം പതിയാതിരിക്കാൻ വലതുഭാഗത്തൂടെയാണ് അമിതവേഗതയിൽ കടന്നുപോകുന്നത്.
ഇത് കാൽനട യാത്രക്കാർക്ക് വലിയ വെല്ലുവിളി ആകുകയാണ്. കഴിഞ്ഞ ദിവസം ഇത്തരത്തിലുണ്ടായ സംഭവത്തെ തുടർന്ന് ബൈക്ക് ഇടിച്ച് യാത്രക്കാരിക്ക് പരിക്കേറ്റിട്ടുണ്ട്. നിയമലംഘനങ്ങൾ മറികടക്കാൻ ക്യാമറ കാണാതെ ബൈക്ക് മാറി പോകുന്ന അവസ്ഥയിലാണ് അപകടങ്ങൾ ഉണ്ടാകുന്നത്. നിരവധി തവണ ഇവിടെ അപകടം നടന്നതായി കമ്പിൽ ടൗണിലെ ഓട്ടോഡ്രൈവർമാർ പറയുന്നു. പ്രശ്‌നം അധികൃതരെ അറിയിച്ചെങ്കിലും നടപടികൾ ഉണ്ടായിട്ടില്ലെന്ന് ഓട്ടോ ഡ്രൈവർമാർ പറയുന്നു.
നിയമലംഘനങ്ങൾ നിത്യസംഭവമായി മാറുന്നതിനോടൊപ്പം പൊതുജനങ്ങൾക്ക് ഭീഷണി ആകുകയാണ്. ഉടൻ തന്നെ അധികൃതർ ഇടപ്പെട്ട് ശാശ്വതമായ നടപടികൾ സ്വീകരിക്കണമെന്നും മറ്റ് യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പ്രദേശവാസികളുടെയും കമ്പിൽ ടൗണിലെ ഡ്രൈവർമാരുടെയും ആവശ്യം.
