അഹമ്മദാബാദ് ആകാശ ദുരന്തം ; മാസങ്ങൾ പിന്നിട്ടിട്ടും ദുരന്തത്തിൽ നിന്ന് മോചിതനാകാതെ രക്ഷപ്പെട്ട വിശ്വാസ് കുമാർ


ലണ്ടൻ :- ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് ആകാശം ദുരന്തം സംഭവിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആഘാതത്തിൽ നിന്ന് മുക്തനാകാതെ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട വിശ്വാസ് കുമാർ. 241 പേരുടെ ജീവൻ കവർന്ന ജൂൺ 12-ലെ എയർ ഇന്ത്യ വിമാനാപകടത്തിൽനിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയാണ് വിശ്വാസ്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും ഭാഗ്യവാൻ എന്ന് പറയുമ്പോഴും മാനസികമായും ശാരീരികമായും തകർന്ന അവസ്ഥയിലാണ് വിശ്വാസിന്റെ ജീവിതം.

ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ താൻ ഒറ്റക്കാണ് കഴിയുന്നതെന്നും ഭാര്യയോടും മകനോടും സംസാരിക്കുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ബ്രിട്ടീഷ് പൗരനായ വിശ്വാസ്, ഏതാനും സീറ്റുകൾ അകലെയായിരുന്ന ഇളയ സഹോദരൻ അജയ് അപകടത്തിൽ മരിച്ചപ്പോൾ താൻ മാത്രം രക്ഷപ്പെട്ടതിൻ്റെ കഠിനമായ വേദന പങ്കുവെച്ചു. "ഞാൻ മാത്രമാണ് രക്ഷപ്പെട്ടത്. ഇപ്പോഴും എനിക്കത് വിശ്വസിക്കാൻ കഴിയുന്നില്ല. അതൊരു അത്ഭുതമാണ്," അദ്ദേഹം പറഞ്ഞു. സഹോദരന്റെ വേർപാട് അദ്ദേഹത്തിൽ വലിയൊരു ശൂന്യതയാണ് അവശേഷിപ്പിച്ചത്. "എനിക്ക് എന്റെ സഹോദരനെ നഷ്‌ടപ്പെട്ടു. അവൻ എന്റെ നട്ടെല്ലായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അവൻ എപ്പോഴും എന്നെ പിന്തുണച്ചു. "ഇപ്പോൾ ഞാൻ ഒറ്റക്കാണ്. ഞാൻ റൂമിൽ ഒറ്റക്കിരിക്കുന്നു, ഭാര്യയോടും മകനോടും സംസാരിക്കുന്നില്ല. എന്റെ വീട്ടിൽ ഒറ്റക്കിരിക്കാനാണ് എനിക്കിഷ്ടം," വിശ്വാസ് കൂട്ടിച്ചേർത്തു.

വിശ്വാസിന് പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ആശുപത്രി ചികിത്സക്ക് ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്ററിലെ വീട്ടിൽ തിരിച്ചെത്തിയശേഷം അദ്ദേഹം തുടർ ചികിത്സയൊന്നും തേടിയിട്ടില്ല. തന്റെ കുടുംബത്തിന് ഇപ്പോഴും ദുരന്തത്തിൽനിന്ന് കരകയറാനായിട്ടില്ലെന്നും, ഇളയ സഹോദരൻ ഇനിയില്ലെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

"എന്നെ സംബന്ധിച്ചിടത്തോളം, ഈ അപകടത്തിന് ശേഷം... എനിക്കും എന്റെ കുടുംബത്തിനും ശാരീരകമായും മാനസികമായും വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ നാല് മാസമായി എന്റെ അമ്മ എല്ലാ ദിവസവും വാതിലിനു പുറത്ത് ഒന്നും സംസാരിക്കാതെ ഇരിക്കുകയാണ്. ഞാനാണെങ്കിൽ മറ്റാരോടും സംസാരിക്കുന്നില്ല. മറ്റാരോടും സംസാരിക്കുന്നത് എനിക്കിഷ്ട‌മല്ല. എനിക്ക് അധികമൊന്നും സംസാരിക്കാൻ കഴിയില്ല. ഞാൻ രാത്രി മുഴുവൻ ചിന്തിക്കുന്നു, ഞാൻ മാനസികമായി കഷ്‌ടപ്പെടുകയാണ്. ഓരോ ദിവസവും മുഴുവൻ കുടുംബത്തിനും വേദന നിറഞ്ഞതാണ്" വിശ്വാസ് ബിബിസിയോട് പറഞ്ഞു.

അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതിനെ തുടർന്നുണ്ടായ ശാരീരിക പരിക്കുകളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. കാലിലും തോളിലും കാൽമുട്ടിലും പുറത്തും ഇപ്പോഴുള്ള വേദന കാരണം അദ്ദേഹത്തിന് ജോലി ചെയ്യാനോ വാഹനം ഓടിക്കാനോ കഴിയുന്നില്ല. വിശ്വാസിനെ പിന്തുണയ്ക്കുന്ന കമ്മ്യൂണിറ്റി നേതാവ് സഞ്ജീവ് പട്ടേലും വക്താവ് റാഡ് സീഗറും നിലവിലുള്ള സഹായത്തിന്റെ അഭാവത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

രമേശും സഹോദരനും ചേർന്ന് നടത്തിയിരുന്ന ദിയുവിലെ ബിസിനസ് അപകടത്തിന് ശേഷം തകർന്നുപോയതായി സഞ്ജീവ് പട്ടേലും റാഡ് സീഗറും പറയുന്നു. എയർ ഇന്ത്യയുമായി കൂടിക്കാഴ്‌ച നടത്താനുള്ള അപേക്ഷകൾ അവഗണിക്കപ്പെടുകയോ നിരസിക്കപ്പെടുകയോ ചെയ്‌തു എന്ന് ആരോപിച്ച് സീഗർ കടുത്ത വിമർശനമാണ് ഉന്നയിച്ചത്. എയർ ഇന്ത്യ വിശ്വാസിന് 21,500 പൗണ്ടിന്റെ (ഏകദേശം 25.09 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിച്ചെങ്കിലും, അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കൾ പറയുന്നത് അത് അടിയന്തര ആവശ്യങ്ങൾ നിറവേറ്റാൻ അപര്യാപ്‌തമാണെന്നാണ്.

Previous Post Next Post