DNA യിൽ മാറ്റം വരുത്തി അരിവാൾ രോഗത്തെ പ്രതിരോധിക്കാം ; ആദ്യ തദ്ദേശീയ ജീൻ തെറപ്പി വികസിപ്പിച്ച് ഇന്ത്യ


ന്യൂഡൽഹി :- ഡിഎൻഎയിൽ മാറ്റം വരുത്തി അരിവാൾരോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ള ആദ്യ തദ്ദേശീയ ജീൻ തെറപ്പി ഇന്ത്യ വികസിപ്പിച്ചു. സി ആർഐഎസ്പിആർ (ക്ലസ്റ്റേഡ് റെഗുലേർലി ഇന്റർസ്പേ സ്‌ഡ് ഷോർട്ട് പലിൻഡ്രോമിക് റിപ്പീറ്റ്സ്) എന്ന സാങ്കേതിക വിദ്യയിൽ അധിഷ്‌ഠിതമായ തെറപ്പിക്ക് 'ബിർസ 101' എന്നാണ് പേരിട്ടിരിക്കുന്നത്. ഗോത്രവിഭാഗങ്ങളിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ജനിതകരോഗമാണ് അരിവാൾ രോഗം. അതിനാൽ ഗ്രോത്രവിഭാഗത്തിലെ വിമോചനപോരാളിയായ ബിർസ മുണ്ടയുടെ സ്മ‌രണാർഥമാണ് തെറപ്പിക്ക് അദ്ദേഹത്തിന്റെ പേരിട്ടത്. 

ന്യൂഡൽഹിയിലെ സിഎസ് ഐആർ- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജിയാണ് (ഐജിഐബി) തെറപ്പി വികസിപ്പിച്ചത്. വിദേശത്ത് 20-25 കോടി രൂപ ചെലവുള്ള ചികിത്സയാണിത്. സ്വകാര്യ മരുന്നുകമ്പനികളുടെ സഹായത്തോടെ 'ബിർസ 101' വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ച് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു സൗജന്യമായി വിതരണം ചെയ്യുമെന്നു കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. കേരളത്തിൽ അട്ടപ്പാടിയിലുൾപ്പെടെ അരിവാൾ രോഗബാധിതരുണ്ട്. ഇന്ത്യയെ 2047ൽ അരിവാൾ രോഗമുക്തമാക്കാനാണു കേന്ദ്രസർക്കാർ നീക്കം.

Previous Post Next Post