ന്യൂഡൽഹി :- നാവികസേനയ്ക്കു വേണ്ടി തദ്ദേശീയമായി നിർമിച്ച അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള ആദ്യ കപ്പൽ 'ഐഎൻഎസ് മാഹി' നവംബർ 24 ന് മുംബൈയിൽ കമ്മിഷൻ ചെയ്യും. അന്തർവാഹിനികളെ നേരിടാനും തീരദേശ പട്രോളിങ്ങിനുമായി നിർമിക്കുന്ന 8 മാഹി ക്ലാസ് പ്രതിരോധക്കപ്പലുകളിൽ (ആൻ്റി സബ്‌മറീൻ വാർഫെയർ ഷാലോ വാട്ടർക്രാഫ്റ്റ് - എഎസ്‌ഡബ്ലുഎസ്‌ഡബ്ല്യുസി) ആദ്യത്തേതാണ് ഐഎൻഎസ് മാഹി. മലബാർതീരത്തെ ചരിത്രപ്രസിദ്ധമായ മാഹിയുടെ പേരിലുള്ള കപ്പൽ കൊച്ചിൻ ഷിപ്യാഡിലാണു (സിഎസ്എൽ) നിർമിച്ചത്. പ്രവർത്തനസജ്ജമായ കപ്പൽ ഒക്ടോബർ 23 ന് സേനയ്ക്കു കൈമാറി. കേരളത്തിന്റെ ആയോധന പാരമ്പര്യത്തിന്റെ പ്രതീകമായി കപ്പലിൻ്റെ മുദ്രയിൽ (ക്രെസ്റ്റ്) കളരിപ്പയറ്റിൽ ഉപയോഗിക്കുന്ന ഉറുമിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. ഇതു കപ്പലിന്റെ ചടുലത, കൃത്യത, പ്രഹരശേഷി എന്നിവയെയും സൂചിപ്പിക്കുന്നു.
ഐഎൻഎ 78 മീറ്റർ നീളമുള്ള ഐഎൻഎസ് മാഹി മണിക്കൂറിൽ 25 നോട്ടി ക്കൽ മൈൽ വേഗത്തിൽ സഞ്ചരിക്കും.അത്യാധുനിക അണ്ടർവാട്ടർ സെൻസറുകൾ, വെള്ളത്തിൽ നിന്നു വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോർപിഡോകൾ, റോക്കറ്റുകൾ, മൈനുകൾ എന്നിവ വിന്യസിക്കാൻ സംവിധാനമുണ്ട്. കേന്ദ്രസർക്കാരിന്റെ ആത്മനിർഭർ ഭാരത് പദ്ധതിയുടെ ഭാഗമായി കപ്പലിന്റെ 80 ശതമാനവും തദ്ദേശീയമായി രൂപകൽപന ചെയ്തു നിർമിച്ചതാണ്. ശ്രേണിയിലെ മറ്റു കപ്പലുകളുടെ നിർമാണം പല ഘട്ടങ്ങളിലാണ്.
