പനി, ശരീരവേദന തുടങ്ങിയ സാധാരണ പനി ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയിൽത്തന്നെ ഗുരുതരമാവുന്ന സ്ഥിതിയും ഇപ്പോൾ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. മലിനജല സമ്പർക്കത്തിലൂടെ പകരുന്നുവെന്ന് കരുതുന്ന അമീബിക് മസ്തിഷ്ക്കതജ്വരം 11 മാസത്തിനിടെ ബാധിച്ചത് 172 പേർക്കാണ്. 42 പേർ മരിച്ചു. ഡെങ്കിപ്പനി മരണം 71-ഉം. ചെള്ളുപനി പിടിപെട്ട 887 പേരിൽ 14 പേർ മരിച്ചു. ദ്രവമാലിന്യ സംസ്കരണ സംവിധാനം കുറവ് ജലാശയങ്ങളും ജലസ്രോതസ്സുകളും മാലിന്യക്കൂമ്പാരമായി മാറിയതാണ് ഏറ്റവും വലിയ ആരോഗ്യ പ്രശ്നമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ.അൽത്താഫ് ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് ദ്രവമാലിന്യസംസ്കരണ സംവിധാനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 16 ശതമാനം ദ്രവമാലിന്യങ്ങൾ മാത്രമാണ് സംസ്കരിക്കുന്നത്. ബാക്കി അശാസ്ത്രീയമായി ഭൂമിയിലേക്ക് ഒഴുക്കുന്നു. ദ്രവമാലിന്യ സംസ്ക്കരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. മലിനജലസമ്പർക്കമുള്ളവർ ഡോക്സിസൈക്ലിൻ എന്ന പ്രതിരോധഗുളിക കഴിക്കണം. എലിയുടെ മാത്രമല്ല, നായ അടക്കമുള്ള ജീവികളുടെ മൂത്രത്തിലൂടെയും രോഗാണുക്കൾ ജലത്തിലെത്തുന്നുണ്ട്.
