ഒറ്റപ്പാലം :- പാർസലുകളുടെ വിതരണത്തിന് മാത്രമായി ദക്ഷിണ റെയിൽവേ പ്രഖ്യാപിച്ച ഇൻട്രാസോണൽ കോസ്റ്റ് ടു കോസ്റ്റ് പാഴ്സൽ എക്സ്പ്രസ് തീവണ്ടി ഓടിത്തുടങ്ങുന്നു. ഡിസംബർ 12 മുതൽ മംഗളൂരുവിൽ നിന്ന് തമിഴ്‌നാട്ടിലെ റോയപുരം വരെയാണ് വണ്ടി ഓടുന്നത്. പാലക്കാടും ഷൊർണൂരും ഉൾപ്പെടെ 14 സ്റ്റേഷനുകളിലാണ് സ്റ്റോപ്പുണ്ടാവുക. ആദ്യമായാണ് രാജ്യത്ത് പാഴ്സലിന് മാത്രമായി തീവണ്ടി സർവീസ് നടത്തുന്നത്.
റോഡ് വഴി കൊണ്ടുപോകുന്നതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് പാഴ്‌ൽ എത്തിക്കാമെന്നതാണ് സവിശേഷത. പത്ത് ഹൈകപ്പാസിറ്റി പാഴ്സൽ വാനുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളുമുൾപ്പെട്ടതാണ് വണ്ടി. വ്യാവസായിക വസ്തുക്കൾ, വസ്ത്രങ്ങൾ, പെട്ടെന്ന് കേടാകുന്നവ തുടങ്ങിയവയെല്ലാം അയക്കാനാകുമെന്നാണ് റെയിൽവേ പറയുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും മംഗളൂരുവിൽ നിന്ന് സർവീസ് തുടങ്ങുക. റോയപുരത്തു നിന്ന് ചൊവ്വാഴ്ചകളിൽ തിരിച്ചും.
ആദ്യ സർവീസ് 12-ന് ഉച്ചയ്ക്ക് 3.10-ന് തുടങ്ങും. കാസർകോട്, കണ്ണൂർ, തലശ്ശേരി, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ നിർത്തി രാത്രി 10.20-ന് ഷൊർണൂരിലും 11.55-നാണ് പാലക്കാട് ജങ്ഷനിലുമെത്തും. പിന്നീട് കോയമ്പത്തൂർ, ഉട്ടുക്കുളി, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ നിർത്തി ശനിയാഴ്ച പുലർച്ചെ 1.30-ന് റോയപുരത്ത് എത്തും. റോയാപുരത്തു നിന്ന് 16-ന് 3.45-ന് യാത്ര തിരിക്കും. ബുധനാഴ്ച പുലർച്ചെ 3.35-ന് പാലക്കാട്ടും 4.55-ന് ഷൊർണൂരുമെത്തും. ബുധനാഴ്ച രാത്രി എട്ടുമണിക്കാണ് മംഗളൂരുവിലെത്തുക.
