കാഞ്ഞങ്ങാട് :- എൻഡോസൾഫാൻ ദുരിതബാധിതനായ 21 വയസ്സുകാരൻ ചികിത്സപ്പിഴവിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ആശുപ്രതിയും ഡോക്ടർമാരും ചേർന്ന് കുടുംബത്തിന് 19.54 ലക്ഷം രൂപ നൽകാൻ കാസർഗോഡ് ഉപഭോക്തൃ കോടതി വിധി. പനത്തടി സ്വദേശി ജിൻസ് മാത്യു (21) ശസ്ത്രക്രിയയെത്തുടർന്ന് മരിച്ച സംഭവത്തിലാണ് കാഞ്ഞങ്ങാട് അരിമല ആശുപത്രി മാനേജിങ് ഡയറക്ടർ, ഡോ. ജയപ്രകാശ് പി.ഉപാധ്യായ, ഡോ. സാദിഖ് എന്നിവർക്കെതിരെ വിധി. 13.3 ലക്ഷം രൂപ നഷ്ട പരിഹാരവും 25,000 രൂപ ആംബുലൻസ് ചെലവും 6 ശതമാനം പലിശയും ചേർത്താണ് 19.54 ലക്ഷം നൽകേണ്ടത്.
2017 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. കേൾവിയും സംസാരശേഷിയും ഇല്ലാത്ത ജിൻസിനെ പെട്ടെന്നുണ്ടായ അസുഖവുമായി ബന്ധപ്പെട്ട് കാണിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് സർജൻ. ഡോ. ജയപ്രകാശ് നിർദേശിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഹൃദയാഘാതം ഉണ്ടായെന്നും വെന്റിലേറ്ററിലാണെന്നും പിന്നീട് ഡോ ക്ടർമാർ പറഞ്ഞു. പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
ഡോ. സാദിഖ് അനസ്തീസിയ നൽകിയതോടെ ബോധം നഷ്‌ടപ്പെട്ട ജിൻസിന് പിന്നീട് ബോധം തിരിച്ചു കിട്ടിയില്ലെന്ന് പിതാവ് കെ.എസ് മാത്യുവും അമ്മ തങ്കമ്മ മാത്യുവും പറഞ്ഞു. അനസ്തീസിയ നൽകിയതിലെ പിഴവാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പോലീസ് സർജൻ ഡോ. ഗോപാലകൃഷ്ണപിള്ള കണ്ടെത്തിയിരുന്നു. ഹൊസ്‌ദുർഗ് ബാറിലെ അഭിഭാഷകരായ എം.സി ജോസും കെ.രാജീവുമാണ് കുടുംബത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.
