വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ബന്ധുവായ പ്രതി പിടിയിൽ


കല്യാശ്ശേരി :- വീട്ടിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാശ്ശേരി മാങ്ങാട് തെരുവിലെ ചേരൻ ഹൗസിലെ പി.സി ഷനൂപി(42)നെയാണ് വളപട്ടണം ഇൻസ്പെക്ടർ വിജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓഗസ്റ്റിലാണ് പാപ്പിനിശ്ശേരി അരോളിആലക്കാടൻ ഹൗസിൽ സൂര്യ സുരേഷിൻ്റെ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച രണ്ട് ലക്ഷം രൂപയിലേറെ വിലവരുന്ന ആഭരണം കവർന്നത്. രണ്ടേകാൽ പവനോളം തൂക്കംവരുന്ന ചെയിൻ, ബ്രേസ്‌ലെറ്റ്, ലോക്കറ്റ് ഉൾപ്പെടെയുള്ളവയാണ് മോഷണം പോയത്.

പരാതിക്കാരിയുടെ മൂത്ത സഹോദരിയുടെ ആദ്യ ഭർത്താവാണ് പ്രതി. മോഷ്ടിച്ചവയിൽ അര പവൻ വില്പന നടത്തുകയും ശേഷിച്ച സ്വർണം ആദ്യം ബാങ്കിൽ പണയം വെക്കുകയും ചെയ്തിരുന്നു. എന്നാൽ സ്വർണത്തിന് വില കൂടിയതോടെ പണയസ്വർണം ബാങ്കിൽ നിന്നെടുത്ത് വിൽക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കും. എസ്ഐമാരായ ഭാസ്കരൻ നായർ, അജയൻ, എഎസ്ഐമാരായ സജേഷ്, പ്രദീപൻ, സിപിഒ പ്രജിത്ത് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Previous Post Next Post