കാസർഗോഡ് :- സംസ്ഥാനത്തെ അങ്കണവാടികളിൽ ശിശുസൗഹൃദ ശൗചാലയം വരുന്നു. സ്വന്തമായി കെട്ടിടമുള്ളതും ശിശുസൗഹൃദ ശൗചാലയം ഇല്ലാത്തതുമായ 150 അങ്കണവാടികളിലാണ് ആദ്യഘട്ടമായി ഇവ നിർമിക്കുന്നത്. ഘട്ടംഘട്ടമായി മുഴുവൻ അങ്കണവാടികളിലും ഇത് നിർമിക്കാനാണ് വനിത-ശിശുവികസന വകുപ്പിൻ്റെ ലക്ഷ്യം.
സംസ്ഥാനത്ത് നിലവിൽ 33,120 അങ്കണവാടികളാണുള്ളത്. ഇതിൽ 7072 അങ്കണവാടികൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇവ ഒഴിവാക്കി സ്വന്തമായി കെട്ടിടമുള്ളിടത്തും, ആവശ്യത്തിന് സ്ഥലസൗകര്യവുമുള്ളിടങ്ങളിലുമാണ് പുതിയ ശൗചാലയം നിർമിക്കുക. ഒരു ശൗചാലയത്തിന് 50,000 രൂപയാണ് അനുവദിക്കുക. 150 അങ്കണവാടികൾക്കായി 75 ലക്ഷം രൂപ ഇതിനായി സർക്കാർ അനുവദിച്ചു.
നിലവിൽ ചില അങ്കണവാടികളിൽ മതിയായ ശൗചാലയ സംവിധാനമില്ല. ഉള്ളയിടങ്ങളിൽ തന്നെ മുതിർന്നവർക്കും ഉപയോഗിക്കാവുന്ന സാധാരണ ശൗചാലയമാണുള്ളത്. അങ്കണവാടികളിലെ കുട്ടികൾക്ക് മുതിർന്നവരുടെ സഹായത്തോടെ മാത്രമേ പലപ്പോഴും ഇത് ഉപയോഗിക്കാനാകൂ. ശിശുസൗഹൃദ ശൗചാലയം വരുന്നതോടെ ഈ പോരായ്മ ഒഴിവാകും.
ശിശുസൗഹൃദ ശൗചാലയം
മുതിർന്നവർക്കുള്ള ശൗചാലയത്തെക്കാൾ ഉയരം കുറഞ്ഞതാകും ശിശുസൗഹൃദ ശൗചാലയം. ഇതിൻ്റെ തുറന്ന ഭാഗത്തിന് വ്യാസവും കുറവാണ്. കുട്ടികൾ ഉള്ളിലേക്ക് വീണുപോകുന്നത് തടയാനാണിത്. ആവശ്യമെങ്കിൽ ഫുട്ട് റെസ്റ്റുമുണ്ടാകും. കുട്ടികളുടെ കൈയെത്തും ഉയരത്തിലാകും ഫ്ലഷ് ഹാൻഡിൽ. തെന്നിവീഴാത്ത രീതിയിലുള്ള ടൈലുകൾ വിരിച്ചതാകും തറ. ഭിത്തികൾ വർണാഭവുമായിരിക്കും.
