ന്യൂഡൽഹി :- സ്കൂൾ വിദ്യാഭ്യാസ പദ്ധതിയിൽ നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) പാഠ്യവിഷയമാക്കാനുള്ള നീക്കത്തിൻ്റെ ഭാഗമായി പാഠപുസ്തകങ്ങളും സിലബസും രൂപവത്കരിക്കാനായി എൻസിഇആർടി വിദഗ്ധ സമിതിക്ക് രൂപം നൽകി. 11, 12 ക്ലാസുകളിലെ വിദ്യാർഥികൾക്കാണിത്. ആറാം ക്ലാസിനായുള്ള തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയിൽ അനിമേഷൻ,
ഗെയിംസ് എന്നിവയുമായി ബന്ധപ്പെട്ട എഐ ടൂളുകൾ ഉൾപ്പെടുത്തുന്നതിനുള്ള നിർദേശവും വരുകയാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറഞ്ഞു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണിത്. 2026-27 അധ്യയനവർഷം മുതൽ മൂന്നാം ക്ലാസു മുതൽ എല്ലാ സ്കൂളിലും എഐ വിദ്യാഭ്യാസം തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
