വിദ്യാർത്ഥികളെക്കൊണ്ട് പണപ്പിരിവ് വേണ്ടാ, സ്‌കൂളുകൾക്ക് പിടിവീഴും ; കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി


തിരൂർ :- സ്കൂൾ വിദ്യാർഥികളെക്കൊണ്ട്  പിരിവെടുപ്പിക്കുന്നത് നിർത്തലാക്കുമെന്നും ആരെങ്കിലും പരാതിപ്പെട്ടാൽ സ്കൂളിനെതിരേ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. തിരൂരിൽ അധ്യാപകസംഘടനാ പ്രതിനിധികളുമായി നടത്തിയ യോഗത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എൻസിസി, എൻഎസ്എസ് കുട്ടികൾ ഭവനനിർമാണത്തിനും മറ്റുമായി പിരിവെടുക്കുന്നുണ്ട്. ഇത് കുട്ടികൾക്കും അധ്യാപകർക്കും വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴായിന്നു മന്ത്രിയുടെ പ്രതികരണം. വിദ്യാഭ്യാസ അവകാശനിയമത്തിൽ സൗജന്യവും സാർവത്രികവുമായ വിദ്യാഭ്യാസമാണ് പറയുന്നത്.

അതിനെതിരായ പ്രവർത്തനങ്ങളെ അടുത്തവർഷം മുതൽ നിയന്ത്രിക്കും. പിരിവു നിർത്തലാക്കുന്നതിൽ കൂടുതൽ ആലോചനകളുണ്ടാകും. പരാതികൾ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ച് കർശന നടപടിയെടുക്കും. സർക്കാർ, അൺ എയ്‌ഡഡ് മേഖലകളിലെല്ലാം ഇതു ബാധകമാണ്. പ്രവേശനസമയത്ത് പിടിഎകൾ ഉൾപ്പെടെ വാങ്ങുന്ന വലിയ തുകകളും നിർത്തലാക്കുമെന്ന് മന്ത്രി പറഞ്ഞു.

പാഠ്യേതരപ്രവർത്തനങ്ങൾ നടത്തുമ്പോൾ പഠനസമയം നഷ്ടപ്പെടുന്നത് കുറയ്ക്കാനുള്ള ആലോചനകൾ നടക്കുന്നതായി മന്ത്രി പറഞ്ഞു. അക്കാദമിക കലണ്ടറിൽ 210 ദി വസമാണുള്ളത്. പാഠ്യേതര പ്രവർത്തനങ്ങളായ സ്കൂൾ, സബ്ജില്ല, ജില്ലാ, സംസ്ഥാനതലങ്ങളിലായി കലാ, കായിക മത്സരങ്ങൾ നടത്തണം. എൻസിസി, എസ്‌പിസി തുടങ്ങിയവയുടെ ക്യാമ്പുകളും. ഇതിന് വിദ്യാർഥികളുടെയും കുട്ടികളുടെയും ഒരുപാട് ദിവസത്തെ കഠിനാധ്വാനം വേണം. 

അക്കാദമിക് സമയം നഷ്ടപ്പെടാതെ ഈ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നത്. കലാ, കായിക മേളകളിൽ അധ്യാപക സംഘടനകൾക്ക് വലിയ ചെലവുണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിനുള്ള സർവേക്ക് കുട്ടികളെ ഉപയോഗിക്കാൻ അനുവദിക്കില്ല. കായികമേളയിൽ പ്രതിഭകളായവർക്ക് നൽകുമെന്നേറ്റ 50 വീടുകളുടെ നിർമാണ പ്രവർത്തനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Previous Post Next Post