സന്നിധാനത്ത് മരിക്കുന്നവരുടെ ശരീരം ആംബുലൻസിലേ പമ്പയിലെത്തിക്കാവൂ - ഹൈക്കോടതി


കൊച്ചി :- ഹൃദയാഘാതവും മറ്റും കാരണം ശബരിമല സന്നിധാനത്ത് മരിക്കുന്നവരുടെ ശരീരം ആംബുലൻസിലേ പമ്പയിലേക്ക് എത്തിക്കാവൂയെ ന്നും ചുമന്നിറക്കരുതെന്നും ഹൈക്കോടതി. പമ്പയിലുള്ള ആംബുലൻസ് ഈ ആവശ്യത്തിനുമാത്രമേ ഉപയോഗിക്കാവൂയെന്നും ജസ്റ്റിസ് വി.രാജവിജയ രാഘവനും ജസ്റ്റിസ് കെ.വി ജയകുമാറും അടങ്ങിയ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു. 

മൃതദേഹം സ്ട്രെച്ചറിൽ ചുമന്നിറക്കുന്നത് ബന്ധുക്കൾക്കും മറ്റു തീർഥാടകർക്കും ബുദ്ധിമുട്ടാകുന്നുവെന്ന് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തിടുക്കത്തിൽ മല കയറുന്നതടക്കമുള്ള പ്രശ്നങ്ങളാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്. ഇക്കാര്യം കണക്കിലെടുത്ത് മലകയറുന്ന കാര്യത്തിൽ കൃത്യമായ മാർഗനിർദേശം പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു. മാധ്യമങ്ങളിലൂടെയും ദേവസ്വം വെബ് സൈറ്റിലൂടെയും പ്രസിദ്ധീകരിക്കണമെന്നും നിർദേശിച്ചു.

Previous Post Next Post