ഗുരുവായൂർ :- നാമസങ്കീർത്തനങ്ങളും വാദ്യഘോഷങ്ങളും സംഗീതവും അലയൊലി തീർത്ത ഏകാദശി ദിനം ഗുരുവായൂരിനെ ഭക്തസാഗരമാക്കി. ദശമി ദിവസമായ ഞായറാഴ്ച പുലർച്ചെ മുതൽ ശ്രീലകം തുറന്നുകിടക്കുന്നതിനാൽ ഭക്തർ ഇടതടവില്ലാതെ വന്നുകൊണ്ടേയിരുന്നു. ഭക്തരുടെ വരവ് ദ്വാദശി ദിനമായ ചൊവ്വാഴ്ച രാവിലെ വരെ തുടരും. ഏകാദശി ദിവസം ഉദയാസ്ത മയപൂജ ഉണ്ടായിരുന്നതിനാൽ ഇടവിട്ടുള്ള സമയങ്ങളിലായിരുന്നു ദർശനം. അതുകൊണ്ട് മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നു. രാവിലെ കൊമ്പൻ ഇന്ദ്രസെൻ്റെ പുറത്ത് സ്വർണക്കോലം എഴുന്നള്ളിച്ച കാഴ്ചശ്ശീവേലിക്ക് തിരുവല്ല രാധാകൃഷ്ണൻ മേളം നയിച്ചു.
ഗുരുവായൂർ പാർഥ സാരഥി ക്ഷേത്രത്തിലേക്ക് പല്ലശ്ശന മുരളി മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പുണ്ടായി. സന്ധ്യക്ക് പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് ഗുരുവായൂരിലേക്ക് രഥഘോഷയാത്ര നടന്നു. രാത്രി വിളക്കിന് ആയിരക്കണക്കിന് നെയ്ത്തിരികൾ ജ്വലിച്ചുനിൽക്കേ, ഇടയ്ക്ക-നാഗസ്വരങ്ങളുടെ അകമ്പടിയോടെ ഗുരുവായൂരപ്പൻ എഴുന്നള്ളി. ക്ഷേത്രത്തിനു പുറത്ത് ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിലും അന്നലക്ഷ്മി ഹാളിലുമായി നടന്ന പ്രസാദ ഊട്ടിൽ മുപ്പത്തയ്യായിരത്തിലേറെ ഭക്തർ പങ്കെടുത്തു.
