കണ്ണൂർ :- പലവിധ പ്രവർത്തനങ്ങൾ നടത്തിയിട്ടും റോഡപകടങ്ങളിൽ കാര്യമായ കുറവില്ലാത്ത സാഹചര്യത്തിൽ കുട്ടികളെ ബോധവത്കരിക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ് (എംവിഡി). ഇതിനായി റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ആനിമേഷൻ വീഡിയോ, റീൽസ്, ലേണേഴ്‌സ് മാനേജ്‌മെന്റ് സംവിധാനം എന്നിവ തയ്യാറാക്കാൻ വകുപ്പ് നടപടി തുടങ്ങി. ആനിമേഷൻ വീഡിയോയും മറ്റും തയ്യാറാക്കാൻ പ്രാപ്തരായ സ്റ്റാർട്ടപ്പുകളെ കണ്ടെത്താൻ കേരള സ്റ്റാർട്ടപ്പ് മിഷനെയാണ് ചുമതലപ്പെടുത്തിയത്. സ്റ്റാർട്ടപ്പ് മിഷൻ നടത്തിയ വിലയിരുത്തലിൽ 'എസ്ആർവി ഐടി ഹബ്' എന്ന സ്ഥാപനമാണ് ഒന്നാമതെത്തിയത്. ആനിമേഷൻ കണ്ടൻ്റ് തയ്യാറാക്കാൻ ഇവരെ ചുതലപ്പെടുത്തും. 7.5 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത്.
മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കുന്ന വീഡിയോകളും ഇൻഫോ കാർഡുകളും നിലവിൽ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് പുതുതലമുറയെ അത്ര ആകർഷിക്കുന്നതല്ലാത്തതിനാൽ കാഴ്ചക്കാർ കുറവാണ്. ഇവരേക്കൂടി ആകർഷിക്കുന്ന രീതിയിലുള്ള ന്യൂജൻ ആനിമേഷൻ വീഡിയോകളും റീലുകളും തയ്യാറാക്കി സാമൂഹികമാധ്യമങ്ങളിലൂടെയും സ്കൂളുകളിലും മറ്റും നടത്തുന്ന ബോധവത്‌കരണ പരിപാടികളിലൂടെയും മുഖ്യധാരാ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. ലെയ്ൻ ട്രാഫിക്കിനെക്കുറിച്ചും മറ്റും എത്ര ബോധവത്കരണം നടത്തിയിട്ടും ഇത് ലംഘിക്കുന്നവർ ഏറെയാണ്.
