പറശ്ശിനിക്കടവിൽ റോഡരികിലെ പാർക്കിങ് ; വാഹനം താഴ്ചയിലേക്ക് വീണുണ്ടാകുന്ന അപകടം തടയാനുള്ള മതിൽ നിർമ്മാണം അവസാന ഘട്ടത്തിൽ


പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവിലെ പാർക്കിങ് പ്രദേശത്ത് കൊല്ലിയിൽ വീഴാതിരിക്കാനുള്ള മതിൽ നിർമാണം അവസാനഘട്ടത്തിൽ. പുതിയ ചെങ്കല്ല് ഭിത്തി നിർമിച്ചതോടെ അപകടങ്ങൾ ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. മുത്തപ്പൻ മടപ്പുരയിൽ എത്തുന്ന തീർഥാടകരിൽ ഭൂരിഭാഗവും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പറശ്ശിനിക്കടവ്-മയ്യിൽ റോഡരികിലാണ്. എന്നാൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന റോഡിന്റെ ഭാഗത്ത് വലിയ താഴ്ചയുള്ളതിനാൽ നിരവധി അപകടങ്ങൾ നടക്കുന്ന മേഖല കൂടിയാണിത്. ജൂൺ 15-ന് കൊല്ലത്തു നിന്നും എത്തിയ ദമ്പതിമാർ സഞ്ചരിച്ച കാർ പാർക്കിങ് സ്ഥലത്തുനിന്നും തിരിക്കാൻ ശ്രമിക്കുമ്പോൾ 30 അടിയിലധികം താഴ്ചയിൽ വീണിരുന്നു. ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും കാർ പൂർണമായും തകർന്നു. ഇത് കൂടാതെ നിരവധി അപകടങ്ങളും ഈ മേഖലയിൽ നടന്നിരുന്നു.

പറശ്ശിനിക്കടവ് വിനോദസഞ്ചാര വികസന പദ്ധതിയുടെ ഭാഗമായാണ് നിലവിൽ മതിൽ നിർമാണവും നടക്കുന്നത്. ഇത് കൂടാതെ തളിപ്പറമ്പ് നിയോജക മണ്ഡലം എംഎൽഎയുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിൽ നിരവധി നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. പറശ്ശിനിക്കടവിൽ എത്തുന്ന തീർഥാടകർക്കും അവരുടെ വാഹനങ്ങൾക്കും പാർക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങൾ പരിമിതമാണ്. അതിൻ്റെ ഭാഗമായാണ് പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡ് കഴിഞ്ഞാൽ പറശ്ശിനിക്കടവ് പാലം വരെയുള്ള റോഡിന്റെ കിഴക്ക് ഭാഗത്ത് നിരനിരയായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് താഴെ വലിയ താഴ്ചയാണെന്ന കാര്യം പുറത്തു നിന്ന് എത്തുന്ന തീർഥാടകർക്കും ഡ്രൈവർമാക്കും അറിയില്ല. ഇതാണ് പലപ്പോഴും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.

Previous Post Next Post