ന്യൂഡൽഹി :- സ്‌മാർട്‌ഫോണുകളിൽ ടെലികോം വകുപ്പിൻ്റെ 'സഞ്ചാർ സാഥി' മൊബൈൽ ആപ് നിർബന്ധമാക്കുന്നു. 90 ദിവസത്തിനുള്ളിൽ എല്ലാ കമ്പനികളും ഇനി നിർമിക്കാനിരിക്കുന്ന ഫോണുകളിലും ഇതിനകം വിപണിയിലെത്തിച്ച ഫോണുകളിലും ഈ ആപ് നിർബന്ധമാക്കാനാണ് നിർദേശം. ഇപ്പോൾ ഉപയോഗിക്കുന്ന ഫോണുകളിലും അപ്ഡേറ്റ് ആയി സഞ്ചാർ സാഥി ആപ് എത്തും. വ്യാജമായതോ തട്ടിപ്പിൽ ഉൾപ്പെട്ടതോ ആയ ഐഎംഇഐ നമ്പറുള്ള ഫോണല്ല ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുന്നതിനാണിതെന്നാണ് വിശദീകരണം.
തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യാനും നഷ്‌ടപ്പെട്ട ഫോണുകൾ ബ്ലോക് ചെയ്യാനുമടക്കമുള്ള സേവനങ്ങൾ സഞ്ചാർ സാഥിയിൽ ലഭ്യമാണ്. ആപ് ഉപയോക്താവിന് നീക്കം ചെയ്യാനോ ഡിസേബിൾ ചെയ്യാനോ കഴിയാത്ത തരത്തിലായിരിക്കും. ഇന്ത്യയിൽ നിർമിച്ചതോ ഇറക്കുമതി ചെയ്തതോ ആയ ഫോണുകൾക്ക് നിർദേശം ബാധകമാണ്. പുതിയ ഫോൺ സെറ്റപ് ചെയ്യുന്ന സമയത്ത് തന്നെ ആപ് ലഭ്യമാകുന്ന തരത്തിലായിരിക്കണം ക്രമീകരണം. ആദ്യമായാണ് ഒരു സർക്കാർ ആപ് നിർബന്ധമായും ഫോണിൽ സൂക്ഷിക്കണമെന്ന ചട്ടം കേന്ദ്രമിറക്കുന്നത്. ഇത് സ്വകാര്യതാ ലംഘനമാണെന്നും ആക്ഷേപമുണ്ട്. ടെലികോം സൈബർ സുരക്ഷാചട്ടത്തിലെ പുതിയ അധികാരങ്ങൾ ഉപയോഗിച്ചാണ് ഉത്തരവ്.
തട്ടിപ്പ് കോളുകൾ തടയാം : ഫോണിലും വാട്സാപ്പിലും വരുന്ന തട്ടിപ്പ് കോളുകളും മെസേജുകളും ടെലികോം വകുപ്പിനെ അറിയിക്കാം. ഈ നമ്പറുകൾ കേന്ദ്രം ബ്ലോക് ചെയ്യും.
ഫോൺ നഷ്‌ടപ്പെട്ടാൽ : നഷ്‌ടപ്പെടുന്ന ഫോൺ മോഷ്ടാവ് ഉപയോഗിക്കാതിരിക്കാനും ട്രാക്ക് ചെയ്യാനുമുള്ള സംവിധാനം. അപേക്ഷ നൽകിയാൽ ഫോണിന്റെ ഐഎംഇഐ നമ്പറുകൾ ബ്ലോക് ആകും. ഫോൺ തിരികെ ലഭിച്ചാൽ ബ്ലോക് നീക്കാം.
മറ്റ് കണക്ഷനുകൾ : നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആരെങ്കിലും മറ്റ് മൊബൈൽ കണക്‌ഷനുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കാം.
ഐഎംഇഐ പരിശോധന : വാങ്ങുന്ന സെക്കൻഡ് ഹാൻ ഡ് ഫോൺ മുൻപ് കുറ്റകൃത്യ ത്തിൽ ഉൾപ്പെട്ടതാണോ എന്ന റിയാം. വാങ്ങും മുൻപ് തന്നെ ഇവയുടെ ഐഎംഇഐ നമ്പർ പരിശോധിച്ച് ഫോൺ 'വാലി ഡ്' ആണോയെന്ന് നോക്കാം.
രാജ്യാന്തര കോൾ : ഇന്ത്യൻ നമ്പറുകളുടെ മറവിൽ വിദേശ കോളുകൾ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യാൻ സംവിധാനം.
