കൂത്തുപറമ്പ് :- ക്ഷേത്രോത്സവത്തോടനുബന്ധിച്ച് അനുമതിയില്ലാതെ ഡിജെ ഘോഷയാത്ര നടത്തിയ സംഭവത്തിൽ കൂത്തുപറമ്പ് പോലീസ് കേസെടുത്തു. കൂത്തുപറമ്പ് മൂര്യാട് മാങ്കുളത്ത് ഭഗവതി കാവ് തിറ മഹോത്സവത്തിന്റെ ഭാഗമായി കാര്യാട്ടുപുറം ഭാഗത്ത് നിന്നുള്ള കാഴ്ച വരവിനൊപ്പം അനുമതിയില്ലാതെ ഡിജെ ഘോഷയാത്ര നടത്തിയതിനാണ് കൂത്തുപറമ്പ് പോലീസ് കേസെടുത്തത്. ഡിജെ മ്യൂസിക് സെറ്റ് വാഹനവും പോലീസ് കസ്‌റ്റഡിയിലെടുത്തു.
സമീപ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്രത്തിലേക്ക് ഘോഷയാത്ര സംഘടിപ്പിക്കാറുണ്ട്. എന്നാൽ ഇത്തവണ ഘോഷയാത്രയ്ക്ക് ഒപ്പം ഡിജെ മ്യൂസിക് വേണ്ട എന്ന് ക്ഷേത്ര കമ്മിറ്റിയോഗം തീരുമാനിച്ചിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പ് പോലീസ് വിളിച്ചു ചേർത്ത യോഗത്തിലും സമാന തീരുമാനം കൈക്കൊണ്ടിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായാണ് കാര്യാട്ടുപുറം ഭാഗത്ത് നിന്നും ഡിജെ മ്യൂസിക് സെറ്റോട് കൂടിയ ഘോഷയാത്ര സംഘടിപ്പിച്ചത്. ഈ സംഭവത്തിലാണ് ഡിജെ ഘോഷയാത്ര നടത്തിയവർക്കെതിരെ കൂത്തുപറമ്പ് പോലീസ് കേസെടുത്തത്.
