ഇന്ന് ലോക എയ്ഡ്‌സ് ദിനം ; കേരളത്തിലെ HIV ബാധിതരുടെ എണ്ണം കൂടുന്നു


തിരുവനന്തപുരം :- സംസ്‌ഥാനത്ത് മാസം ശരാശരി 100 പുതിയ എച്ച്ഐവി അണുബാധിതരുണ്ടാകുന്നുവെന്ന് കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ റിപ്പോർട്ട്. പുതുതായി എച്ച്ഐവി അണുബാധിതരാകുന്നതിൽ 15-24 പ്രായക്കാരുടെ എണ്ണവും കൂടിവരുന്നു. 2022 മുതൽ കഴിഞ്ഞവർഷം വരെ യഥാക്രമം 9, 12, 14.2 % ആയിരുന്നു വർധന. ഈ വർഷം ഏപ്രിൽ - ഒക്ടോബർ കാലയളവിൽ എച്ച്ഐവി അണുബാധിതരാകുന്ന 15- 24 പ്രായക്കാരുടെ എണ്ണം 15.4% ആയി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ മൂന്നു വർഷത്തിനിടെ സംസ്‌ഥാനത്ത് 4477 പേർക്കു പുതുതായി എച്ച്ഐവി അണുബാധ കണ്ടെത്തി. ഇതിൽ 3393 പേർ പുരുഷൻമാരും 1065 പേർ സ്ത്രീകളും 19 പേർ ട്രാൻസ്ജെൻഡർമാരുമാണ്. 90 ഗർഭിണികളും ഉൾപ്പെടുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ എച്ച്ഐവി അണുബാധിതർ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് എറണാകുളത്താണ് (850). തിരുവനന്തപുരം (555), തൃശൂർ (518), കോഴിക്കോട് (441), പാലക്കാട് (371), കോട്ടയം (350) ജില്ലകളാണ് തൊട്ടുപിന്നിൽ. കുറവ് വയനാട്ടിൽ (67). എച്ച്ഐവി സാന്ദ്രത താരതമ്യേന കുറഞ്ഞ സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്ഐവി സാന്ദ്രത രാജ്യത്ത് 0.20 ആണെങ്കിൽ കേരളത്തിൽ 0.07 ആണ്. 

കേരളത്തിൽ 23,608 പേർ എച്ച്ഐവി ബാധിതരാണ്. കഴിഞ്ഞ വർഷം 1213 പേരിൽ പുതുതായി അണുബാധ കണ്ടെത്തി. 2022-23ൽ 1183 പേർ. 2023-24 ൽ 1263 പേർ എന്നിങ്ങനെയായിരുന്നു കണക്ക്. ഈ വർഷം ഏപ്രിൽ മുതൽ ഒക്ടോബർ വരെ 818 പേർക്കാണ് കണ്ടെത്തിയത്. ഇവരിൽ 62.6% പേർക്കും അണുബാധയുണ്ടായത് ഒന്നിലേറെപ്പേരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയാണെന്നു കേരള എയ്‌ഡ്‌സ്‌ കൺട്രോൾ സൊസൈറ്റി റിപ്പോർട്ടിൽ പറയുന്നു. സുരക്ഷിതമല്ലാത്ത സ്വവർഗരതിയിലൂടെ 24.6% പേർ, സൂചി പങ്കിട്ടുള്ള ലഹരിമരുന്ന് ഉപയോഗത്തിലൂടെ 8.1% പേർ വീതം എച്ച്ഐവി ബാധിതരായി. അമ്മയിൽ നിന്ന് അണുബാധയുണ്ടായ കുഞ്ഞുങ്ങളാണ് 0.9%.

Previous Post Next Post