മയ്യിൽ :- മയ്യിൽ പഞ്ചായത്തിലെ യുഡിഎഫിന്റെ എല്ലാ സ്‌ഥാനാർഥികൾക്കും ഏജന്റുമാർക്കും ബൂത്തുകളിൽ മതിയായ പോലീസ് സുരക്ഷയൊരുക്കാൻ ഹൈക്കോടതി ഉത്തരവ്. മുൻകാലങ്ങളിൽ തിരഞ്ഞെടുപ്പ് ദിവസങ്ങളിലുണ്ടായ അക്രമ സംഭവങ്ങൾ ആവർത്തിക്കാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാട്ടി മയ്യിൽ പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സി.എച്ച് മൊയ്തീൻകുട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
റിട്ട് ഹർജിയിൽ എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് കൂടാതെ വിഡിയോ കവറേജും ആവശ്യപ്പെട്ടിരുന്നു. മയ്യിൽ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നായി ഈ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സാധ്യതയില്ലാത്ത 1100 പേരുടെ ലിസ്റ്റ് റിട്ട് ഹർജിയോടൊപ്പം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. അത്തരം വോട്ടുകൾ ആൾമാറാട്ടം വഴി ചെയ്താൽ നിയമനടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണ് മുൻകൂറായി ലിസ്‌റ്റ് ഹൈക്കോടതി മുൻപാകെ എത്തിച്ചത്.
കുറ്റ്യാട്ടൂർ പഞ്ചായത്തിലെ വാർഡ് 1.പഴശി, 3.കോയ്യോട്ടു മൂല, 5.നിടുകുളം, 6.കുറ്റ്യാട്ടൂർ, 7. വടുവൻകുളം, 8.കുറുവോട്ടുമൂല, 10.വേശാല, 16.മാണിയൂർ സെൻട്രൽ, 17. ചട്ടുകപ്പാറ, 18.പൊറോളം എന്നീ ബൂത്തുകളിലും സുരക്ഷാക്രമീകരണം, വെബ് കാസ്റ്റിങ്, വിഡിയോ കവറേജ് എന്നിവ ഒരുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ വി.പത്മനാഭൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു ഹൈക്കോടതി ഉത്തരവ്.
.jpg)