കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ എ.എൽ.പി സ്‌കൂളിന്റെ 125-ാം വാർഷികം ശതോത്തര രജതജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് ജനുവരി 21 ബുധനാഴ്ച തുടക്കമാകും. വൈകുന്നേരം 4 മണിക്ക് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം നിർവ്വഹിക്കും. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം കെ.അച്യുതൻ അധ്യക്ഷത വഹിക്കും. സ്കൂൾ ലൈവ് സ്റ്റുഡിയോ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം പി.പി റെജി നിർവഹിക്കും.
വിവിധ മേഖലകളിൽ മികച്ച വിജയം നേടിയവരെ തളിപ്പറമ്പ് സൗത്ത് എഇഒ കെ.കെ രവീന്ദ്രൻ അനുമോദിക്കും. പ്രീ പ്രൈമറി ഉൾപ്പെടെ 250 ഓളം കുട്ടികളും 12 അധ്യാപകരുമുള്ള സ്കൂളിന് 2025-26 വർഷം ഉപജില്ലാ കായിക മേളയിൽ ചാമ്പ്യൻ പട്ടം, ശാസ്ത്ര മേളയിൽ റണ്ണറപ്പ്, സ്കൂൾ കലോത്സവത്തിൽ കലാകിരീടം ഉൾപ്പെടെ പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച നേട്ടങ്ങൾ കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂൾ കരസ്ഥമാക്കിയിട്ടുണ്ട്.
ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ്, പഞ്ചായത്ത് തല ബാലമേള, വില്ലേജ് തല അംഗൻവാടി - പ്രീ പ്രൈമറി ഫെസ്റ്റ്, കുറ്റ്യാട്ടൂർ ലിറ്റിൽ പ്രീ പ്രൈമറി ഫെസ്റ്റ്, പൂർവ്വ വിദ്യാർത്ഥി സംഗമം, രക്ഷാകർതൃസംഗമം, സബ് ജില്ലാ പ്രശ്നോത്തരി, ഓൺലൈൻ ജില്ലാ സാഹിത്യമത്സരം, വിദ്യാഭ്യാസ സെമിനാർ, നാട്ടരങ്ങ്, കളിയരങ്ങ് എന്നിവ സംഘടിപ്പിക്കും.
