കെ ടെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അപേക്ഷ നൽകിയത് 1.34 ലക്ഷം പേർ


തിരുവനന്തപുരം :- സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള അധ്യാപക യോഗ്യത പരീക്ഷയ്ക്ക് (കെ ടെറ്റ്) അപേക്ഷിച്ചത് 1,34,919 പേർ. ഇതുവരെയുള്ള കെ ടെറ്റ് പരീക്ഷകളിൽ ഏറ്റവും കൂടുതൽ അപേക്ഷകർ ഇത്തവണയാണ്. ഫെബ്രുവരി 21,23 തീയതികളിലാണു പരീക്ഷ. കഴിഞ്ഞ ഒക്ടോബറിലടക്കം നടത്തിയ കെ ടെറ്റ് പരീക്ഷകളിൽ ശരാശരി 70,000-80,000 പേരാണ് പരീക്ഷ എഴുതിയിരുന്നത്. സർവീസിലുള്ളവരുടെ സ്ഥാനക്കയറ്റത്തിനടക്കം കെ ടെറ്റ് നിർബന്ധമാക്കിയ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് അപേക്ഷകരുടെ എണ്ണം കുത്തനെ ഉയർന്നത്. 

ജോലിക്കായി കാത്തിരിക്കുന്നവർക്കുള്ള പരീക്ഷയാണിത്. നിലവിൽ സർവീസിലുള്ള അധ്യാപകർക്കായും കെ ടെറ്റ് പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെങ്കിലും അതിന് അപേക്ഷ ക്ഷണിച്ചിട്ടില്ല. ഫെബ്രുവരിയിലോ അല്ലെങ്കിൽ മാർച്ചിൽ പൊതുപരീക്ഷയ്ക്കു ശേഷമോ ആ പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്നും അതനുസരിച്ച് അപേക്ഷ ക്ഷണിക്കുമെന്നും പരീക്ഷ ഭവൻ സെക്രട്ടറി എസ്.സന്തോഷ് കുമാർ അറിയിച്ചു. സർവീസിലുള്ളവർക്കായി ഇതുവരെ 2 കെ ടെറ്റ് പരീക്ഷകളാണ് നടന്നത്.

2023ൽ നടന്ന ആദ്യ പരീക്ഷ അയ്യായിരത്തോളം പേരാണ് എഴുതിയതെങ്കിൽ കഴിഞ്ഞവർഷം നടന്ന പരീക്ഷ യിൽ രണ്ടായിരത്തോളം പേരേ ഉണ്ടായിരുന്നുള്ളൂ. സുപ്രീംകോടതി വിധിയുടെ അടിസ്‌ഥാനത്തിൽ ഇത്തവണ അതും കുതിച്ചുയരുമെന്നാണു കരുതുന്നത്. സംസ്ഥാനത്തെ ഹൈസ്കൂ‌ൾ തലം വരെയുള്ളവരിൽ 75,015 പേർക്ക് കെ ടെറ്റ് യോഗ്യതയില്ലെന്നാണു സർക്കാർ കണക്ക്. സർവീസിലുള്ള എല്ലാ അധ്യാപകർക്കും സ്‌ഥാനക്കയറ്റത്തിനും 5 വർഷത്തിലേറെ സർവീസിലുള്ളവർക്കു ജോലി നിലനിർത്താനും കെടെറ്റ് നിർബന്ധമാക്കിയാണ് സുപ്രീംകോടതി വിധി. 2 വർഷത്തിനുള്ളിൽ യോഗ്യത നേടിയില്ലെ ങ്കിൽ ജോലിയിൽ നിന്നു പുറത്താകുമെന്നാണ് ഉത്തരവ്.

Previous Post Next Post