സംസ്ഥാനത്ത് ഇന്നും സ്വർണ്ണവില കുതിച്ചുയർന്നു ; ഒരു മാസത്തിനിടെ പവന് കൂടിയത് 20,000 രൂപ


തിരുവനന്തപുരം :- കേരളത്തിൽ സ്വർണവില ഇന്നും കുതിച്ചുയർന്നു. 22 കാരറ്റ് സ്വർണത്തിന് ഇന്ന് (2026 ജനുവരി 26) പവന് 1,800 രൂപ വർധിച്ച് 1,19,320 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി. ഗ്രാമിന് 375 രൂപ വർധിച്ച് 14,915 രൂപയാണ് ഇന്നത്തെ വിപണി വില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 5,000 ഡോളർ എന്ന കടമ്പ ആദ്യമായി മറികടന്നതാണ് പ്രാദേശിക വിപണിയിലും ഇത്രയും വലിയ വർധനവിലേക്ക് എത്തിച്ചത്. നിലവിൽ ഔൺസിന് 5,080 ഡോളർ എന്ന നിരക്കിലാണ് ആഗോള തലത്തിൽ വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ ഡിസംബർ 23-നാണ് കേരളത്തിൽ സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. ഒരു മാസത്തിനുള്ളിൽ ഏകദേശം 20,000 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. സ്വർണ്ണത്തിന് പിന്നാലെ വെള്ളിവിലയും കുതിച്ചുയരുകയാണ്. വിവാഹ ആവശ്യങ്ങൾക്കായി സ്വർണം വാങ്ങാൻ കാത്തിരിക്കുന്ന സാധാരണക്കാർക്ക് ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ് നൽകുന്നത്. വരും ദിവസങ്ങളിലും വില മുകളിലേക്ക് തന്നെ പോകാനാണ് സാധ്യതയെന്ന് വിപണി വിദഗ്‌ധർ വിലയിരുത്തുന്നു

യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ സാമ്പത്തിക നയങ്ങളും ഗ്രീൻലാൻഡിനെ ചൊല്ലിയുള്ള തർക്കങ്ങളും വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്‌ടിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനും ട്രംപും രണ്ട് തട്ടിലായതോടെ വികസിത രാജ്യങ്ങളിലെല്ലാം ഓഹരി വിപണികളിൽ നിന്ന് നിക്ഷേപകർ പിൻവാങ്ങുകയാണ്. യുദ്ധങ്ങളും ആഗോള രാഷ്ട്രീയ അസ്ഥിരതയും കാരണം ഓഹരി വിപണിയിൽ നിന്ന് മാറിയ നിക്ഷേപകർ സുരക്ഷിത താവളമായി സ്വർണ്ണത്തെ കാണുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകൾ വൻതോതിൽ സ്വർണം ശേഖരിക്കുന്നതും വില വർധനയ്ക്ക് ആക്കം കൂട്ടുന്നു.

.

Previous Post Next Post