അമൃത് ഭാരതിൽ തിരക്ക് കുറവ് ; തിരിച്ചടിയായത് സ്റ്റോപ്പുകളുടെ കുറവും സമയക്രമവും


കണ്ണൂർ :- വന്ദേഭാരതിന്റെ തിരക്ക് അമൃത് ഭാരതിനില്ല. 27 മുതൽ സർവീസ് തുടങ്ങുന്ന നാഗർകോവിൽ-മംഗളൂരു (16329/16330) അമൃത് ഭാരത് വണ്ടിയുടെ സ്ലീപ്പർ ബർത്തുകൾ ഒഴിഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം-കണ്ണൂർ യാത്രയ്ക്ക് (ചൊവ്വാഴ്ചകളിൽ) ജനുവരി 27 മുതൽ മാർച്ച് 24 വരെ 317 മുതൽ 406 വരെയാണ് സ്ലീപ്പർ ഒഴിവുകൾ. കണ്ണൂർ-തിരുവനന്തപുരം (ബുധനാഴ്ചകളിൽ) ജനുവരി 28 മുതൽ മാർച്ച് 25 വരെ 361 മുതൽ 567 വരെയാണ് സ്ലീപ്പർ ഒഴിവുകൾ. ഈ വണ്ടിയിൽ എട്ട് സ്ലീപ്പർ, 11 ജനറൽ കോച്ചുകൾ, പാൻട്രികാർ ഉൾപ്പെടെ 22 കോച്ചാണുള്ളത്. 

അമൃത് ഭാരതിൽ കുറഞ്ഞ നിരക്കായിട്ടും ആവശ്യത്തിന് സ്റ്റോപ്പുകൾ നൽകാത്തതാണ് തിരിച്ചടിയായതെന്നാണ് നിഗമനം. സ്ലീപ്പർ ടിക്കറ്റിൽ 200 കിലോമീറ്ററാണ് ചുരുങ്ങിയ ദൂരം. 165 രൂപയാണ് നിരക്ക്. ജനറൽ സിറ്റിങ് നിരക്കിൽ ഏറ്റവും ചുരുങ്ങിയ ദൂരം 50 കിലോമീറ്ററാണ്. 35 രൂപയാണ് നിരക്ക്. നാഗർകോവിൽ-മംഗളൂരു റൂട്ടിൽ 17 മണിക്കൂറാണ് സമയം. തിരുവനന്തപുരത്തു നിന്ന് അതിവേഗം കുതിക്കുന്ന വണ്ടി മലബാറിലെത്തുമ്പോൾ വേഗം കുറയും. സ്റ്റോപ്പുകളും കുറവാണ്. രാത്രി 10.40-ന് കോഴിക്കോട് വിടുന്ന വണ്ടി കണ്ണൂരിലെത്തുന്നത് 12.20-നാണ്. എക്സ്പ്രസ് വണ്ടിയെക്കാൾ 40 മിനുട്ട് അധികം. (എന്നാൽ രാവിലെ തിരിച്ചുപോകുമ്പോൾ തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് എടുക്കുന്നത് 50 മിനുട്ട് മാത്രം). കാസർകോട്ടുനിന്ന് മംഗളൂരുവിലെത്താനുള്ള ടൈംടേബിളിലെ ഔദ്യോഗിക സമയം മൂന്നു മണിക്കൂറാണ് (രാവിലെ തിരിച്ചുപോകുമ്പോൾ മംഗളൂരു-കാസർകോട് സമയം കേവലം 37 മിനുട്ട് മാത്രം).

സ്റ്റോപ്പുകളിലുമുണ്ട് വലിയ വൈരുദ്ധ്യം. തിരുവനന്തപുരം മുതൽ കൊല്ലം വരെ 65 കിലോമീറ്ററിൽ മൂന്ന് സ്റ്റോപ്പുകളിൽ നിർത്തും (തിരുവനന്തപുരം, വർക്കല, കൊല്ലം). കരുനാഗപ്പള്ളി മുതൽ കോട്ടയം വരെ 68 കിലോമീറ്ററിൽ ഏഴ് സ്റ്റോപ്പുകളുണ്ട് (കരുനാഗപ്പള്ളി, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാ ശ്ശേരി, കോട്ടയം).കോട്ടയം മുതൽ ഷൊർണൂർ വരെ 165 കിലോമീറ്ററിൽ അഞ്ച് സ്റ്റോപ്പുകൾ (കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, ഷൊർണൂർ). ഷൊർണൂർ മുതൽ കോഴിക്കോട് വരെ 86 കിലോമീറ്ററിൽ രണ്ട് സ്റ്റോപ്പുകൾ മാത്രം (തിരൂർ, കോഴിക്കോട്). 

കോഴിക്കോട്-മംഗളൂരു റൂട്ടിൽ 221 കിലോമീറ്ററിലാണ് ഏറ്റവും കുറവ്. മൂന്ന് സ്റ്റോപ്പ് മാത്രം (തലശ്ശേരി, കണ്ണൂർ, കാസർകോട്). ഫലത്തിൽ തിരുവനന്തപുരത്തു നിന്ന് വന്ന് രാത്രി 12.47-ന് കണ്ണൂരിലെത്തുന്ന വണ്ടിയിൽ കണ്ണപുരം മുതൽ കാഞ്ഞങ്ങാട് വരെയുള്ള പ്രധാന ആറ് സ്റ്റോപ്പുകളിൽ ഇറങ്ങേണ്ടുന്ന യാത്രക്കാർക്ക് കയറാനാകില്ല. കണ്ണൂരിൽ അർധരാത്രി ഇറങ്ങിയാൽ പിറ്റേന്ന് പുലർച്ചെ വരെ കണ്ണൂരിൽ ഇരിക്കണം.

Previous Post Next Post