പാപ്പിനിശ്ശേരി :- കാട്ടിലെപള്ളി മഖാം ഉറൂസിൻ്റെ പ്രധാന ചടങ്ങായ ചക്കരക്കഞ്ഞി വിതരണം ചെയ്തു. ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങിയ വിതരണം വൈകുന്നേരം 6 മണി വരെ നീണ്ടു. നൂറുകണക്കിന് വിശ്വാസികൾ ചക്കരക്കഞ്ഞി വാങ്ങാനെത്തി. കാട്ടിലെപ്പള്ളി മഖാം ഉറൂസിന്റെ മൂന്നാം ദിവസമാണ് ചക്കരക്കഞ്ഞി വിതരണം ചെയ്യുന്നത്. കാട്ടിലെപള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്നു എന്ന ഐതിഹ്യമുള്ള മൂന്നുപെറ്റുമ്മയുടെ സ്മരണാർഥമാണ് ചക്കരക്കഞ്ഞി വിതരണം നടത്തുന്നത്. നേരത്തേ വളപട്ടണത്ത് താമസിച്ചിരുന്ന മൂന്നുപെറ്റുമ്മ അവിടെ വരുന്നവർക്ക് ചക്കരക്കഞ്ഞി വിതരണം ചെയ്യാറുണ്ടെന്നും പിന്നീട് അവർ പാപ്പിനിശ്ശേരിൽ എത്തിയപ്പോൾ നിലവിലെ കാട്ടിലെപള്ളിയുള്ള സ്ഥലത്ത് മരിച്ചുവെന്നുമാണ് ഐതിഹ്യം.
നാനാജാതിമത സ്ഥരായ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്നവരെല്ലാം കഞ്ഞി സ്വീകരിച്ചാണ് മടങ്ങുന്നത്. കാട്ടിലെപ്പള്ളിയിലേക്ക് നേർച്ചവരുന്ന വിഭവങ്ങളും അരി, വെല്ലം, കടലപ്പരിപ്പ്, തേങ്ങ എന്നിവയും ഉപയോഗിച്ചാണ് ചക്കരക്കഞ്ഞി തയ്യാറാക്കുന്നത്. ഇതിനാവശ്യമായ സാധനങ്ങൾ വിവിധ മതസ്ഥർ ദാനമായി നൽകുന്നു. ഉറൂസിന് വർഷങ്ങളായി തുടരുന്ന മതമൈത്രിയുടെ സൂചകം കൂടിയാണിത്. സന്നദ്ധസേവന വൊളന്റിയർമാരും ഹിദായത്തുൽ കമ്മിറ്റി ഭാരവാഹികളും ചേർന്നാണ് ചക്കരക്കഞ്ഞി വിതരണത്തിന് നേതൃത്വം നൽകിയത്.
