കണ്ണൂർ :- വരുമാനം കുറഞ്ഞ തപാൽ ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതോടെ ജില്ലയിൽ താഴുവീഴാൻ പോകുന്നത് 23 ഓഫിസുകൾക്ക്. കണ്ണൂർ, പയ്യന്നൂർ പോസ്റ്റൽ ഡിവിഷനു കീഴിലുള്ള 23 സിംഗിൾ ഹാൻഡഡ് പോസ്റ്റ‌് ഓഫിസുകളാണ് വരുംദിവസങ്ങളിൽ നിർത്തലാക്കുക. നിലവിൽ 9 ഓഫിസുകൾ പൂട്ടിക്കഴിഞ്ഞു. കണ്ണൂർ ഡിവിഷനിൽ 5, തലശ്ശേരിയിൽ 4. ചാലാട് ഓഫിസാണ് ഏറ്റവുമൊടുവിൽ പൂട്ടിയത്. അടുത്തത് ബർണശ്ശേരിയിലേതായിരിക്കും. വരുമാനക്കുറവ്, ദൂരപരിധി എന്നിവ കണക്കാക്കിയാണ് പോസ്‌റ്റ് ഓഫിസുകൾ പൂട്ടാൻ തീരുമാനിച്ചത്. ജില്ലയിൽ 434 പോസ്‌റ്റ് ഓഫിസുകളാണുള്ളത്. കണ്ണൂർ ഡിവിഷനിൽ 231, തലശ്ശേരിയിൽ 203. പോസ്‌റ്റ് ഓഫിസുകൾ പൂട്ടുന്നതോടെ നാട്ടിൻപുറങ്ങളിലുള്ളവർ തപാൽ സേവനങ്ങൾക്ക് ദൂരെ ദിക്കിലുള്ള ഓഫിസിനെ ആശ്രയിക്കേണ്ടിവരും.
വരവും ചെലവും ഒന്നിച്ചുപോകാത്ത സിംഗിൾ ഹാൻഡഡ് പോസ്റ്റ‌് ഓഫിസുകൾ നിർത്തലാക്കി ജീവനക്കാരെ മറ്റിടങ്ങളിലേക്കു പുനർവിന്യസിക്കും. പോസ്റ്റൽ അസിസ്റ്റന്റിനെ അടുത്തുള്ള പോസ്റ്റ് ഓഫിസിലേക്കും ഗ്രാമീൺ ടാക് സേവക്കിനെ(ജിഡിഎസ്) ഒഴിവുള്ള സ്ഥലത്തേക്കും നിയമിക്കും. പുനർവിന്യാസത്തിൽ ജിഡിഎസുമാരാണ് പ്രയാസപ്പെടുന്നത്. ചാലാട്ടെ പോസ്റ്റ് ഓഫിസ് പൂട്ടിയപ്പോൾ ജിഡിഎസിനെ ചെക്കിക്കുളത്തേക്കാണ് മാറ്റിയത്. 18,000 രൂപ മാത്രം ശമ്പളം കിട്ടുന്ന ജിഡിഎസുമാർക്ക് ഇതു വലിയൊരു തിരിച്ചടിയാണ്.
നഗരപരിധിയിൽ 2 കിലോമീറ്റർ, ഗ്രാമത്തിൽ 5 കിലോമീറ്റർ പരിധിയിൽ ഒരു പോസ്‌റ്റ് ഓഫീസ് മതിയെന്നാണ് പോസ്‌റ്റൽ ഡിപ്പാർട്ട്മെന്റിന്റെ പുതിയ തീരുമാനം. അധികമുള്ളവ പോസ്‌റ്റ് ഓഫിസുകൾ ഇല്ലാത്തിടത്തേക്കു മാറ്റാനാണു കേന്ദ്ര സർക്കാർ തീരുമാനമെങ്കിലും കേരളത്തിൽ അവയെല്ലാം അടച്ചുപൂട്ടുകയാണ്. ഇതിനെതിരെ ഫെഡറേഷൻ ഓഫ് നാഷനൽ പോ സ്‌റ്റൽ ഓർഗനൈസേഷൻ (എഫ്എൻപിഒ) ജനുവരി 29ന് തിരുവനന്തപുരത്ത് സത്യഗ്രഹം നടത്തുന്നുണ്ട്.
