തിരുവനന്തപുരം :- സംസ്ഥാനത്ത് ഇരുചക്ര വാഹന യാത്രക്കാർ ഹെൽമറ്റ് ധരിക്കാത്തതിനെതിരെ കേരള പോലീസ് നടത്തിയ കർശന പരിശോധനയിൽ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. ഒരാഴ്ച നീണ്ടുനിന്ന ഹെൽമെറ്റ് ഓൺ-സേഫ് റൈഡ് എന്ന സ്പെഷ്യൽ ഡ്രൈവിൽ 50,969 നിയമലംഘനങ്ങൾ കണ്ടെത്തുകയും 2,55,97,600 രൂപ പിഴയായി ഈടാക്കുകയും ചെയ്തു.
ട്രാഫിക് ആന്റ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടന്നത്. ആകെ 1,19,414 ഇരുചക്ര വാഹനങ്ങൾ ഒരാഴ്യ്ക്കുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കി. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനുമാണ് ഡ്രൈവ് സംഘടിപ്പിച്ചത്. 2026 ജനുവരി 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ധരിക്കാത്തതു മൂലം ഉണ്ടായ അപകടങ്ങളിൽ 11 പേർക്ക് ജീവൻ നഷ്ടമായിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് കർശന നടപടി.
ഹൈവേ പട്രോളിംഗ് വിഭാഗം വരും ദിവസങ്ങളിലും നിരന്തര പരിശോധന തുടരാൻ ഐ.ജി നിർദ്ദേശം നൽകി. നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കും. ട്രാഫിക് നോർത്ത് സോൺ, സൗത്ത് സോൺ എസ്.പിമാരുടെ മേൽനോട്ടത്തിൽ ജില്ലാ ട്രാഫിക് നോഡൽ ഓഫീസർമാരുമായി സഹകരിച്ചാണ് പരിശോധനകൾ ഏകോപിപ്പിച്ചത്. പൊതുജനങ്ങൾക്ക് ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയോ വീഡിയോയോ സഹിതം 974700 1099 എന്ന "ശുഭയാത്ര" വാട്ട്സ്ആപ്പ് നമ്പറിൽ റിപ്പോർട്ട് ചെയ്യാവുന്നതാണ്.
