ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് നവീകരണം ആരംഭിച്ചു ; ഓവുചാൽ നവീകരണം 29 ലക്ഷം രൂപ ചെലവിൽ


ശ്രീകണ്ഠപുരം :- ശ്രീകണ്ഠപുരം നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡ് നവീകരണം തുടങ്ങി. ആദ്യഘട്ടത്തിൽ ഓവുചാൽ നവീകരണമാണ് നടത്തുന്നത്. 29 ലക്ഷം ചെലവിട്ടാണ് ഓവുചാൽ നവീകരിക്കുന്നത്. ബസ് സ്റ്റാൻഡിനും സാമാ ബസാറിനും ഇടയിൽ നേരത്തെ വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ച ചെറിയ പൈപ്പുകൾ മാറ്റിയാണ് ആഴവും വീതിയും കൂട്ടി ഓട നിർമിക്കുന്നത്. ചെറിയ പൈപ്പുകളായിരുന്നതിനാൽ വെള്ളമൊഴുകാൻ തടസ്സമുണ്ടായിരുന്നു. കനത്ത മഴയിൽ ശ്രീകണ്ഠപുരം നഗരത്തിലെ പല സ്ഥലങ്ങളിലും വെള്ളം കയറുന്നതിനും ഇത് കാരണമാകാറുണ്ട്. വ്യാപാരികളെ ഉൾപ്പെടെ ദുരിതത്തിലാക്കുന്ന ഈ വെള്ളക്കെട്ടിന് ശാശ്വതപരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഭരണസമിതി ഓവുചാൽ പണിയാൻ തുക അനുവദിച്ചത്.

മാർച്ച് 31-നകം പൂർത്തിയാക്കുമെന്ന് ചെയർപേഴ്സ‌ൺ ഇ.വി രാമകൃഷ്ണൻ അറിയിച്ചു. എന്നാൽ പണി വൈകിയാൽ 'പണി' കിട്ടുമെന്ന ആശങ്കയിലാണ് വ്യാപാരികൾ നിലവിൽ ഓട പണി തുടങ്ങിയ ഭാഗങ്ങളിലെ കടകളിലേക്കും ഹോട്ടലുകളിലേക്കും ആളുകൾക്ക് കയറാൻ കഴിയാത്ത സ്ഥിതിയുണ്ട്. മാത്രമല്ല കഴിഞ്ഞ രണ്ടുദിവസങ്ങളിലുണ്ടായ അപ്രതീക്ഷിത മഴ നിർമാണ പ്രവൃത്തികളെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. ഓവുചാലിനായി എടുത്ത കുഴിയിൽ വെള്ളം കയറിയിട്ടുണ്ട്. ഇത് പമ്പ് ചെയ്ത് കളഞ്ഞ് വേണം അടുത്തഘട്ട പ്രവർത്തനങ്ങൾ നടത്തേണ്ടത്. ജനങ്ങളെ കൂടുതൽകാലം ബുദ്ധിമുട്ടിക്കാതെ തന്നെ പ്രവൃത്തി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. 

ഓവുചാൽ നിർമാണം കഴിഞ്ഞാൽ ബസ് സ്റ്റാൻഡിൽ റീ ടാറിങ് നടത്തുകയും ബസ് സ്റ്റാൻഡിനും നഗരസഭ കെട്ടിടങ്ങൾക്കും ഇടയിലെ റോഡ് ടൈൽ വിരിച്ച് ബലപ്പെടുത്തുകയും ചെയ്യും. ഈ രണ്ടു പണികളും ഒറ്റ പ്രവൃത്തിയായാണ് ടെൻഡർ ചെയ്തിട്ടുള്ളത്. ഇതിനും മുൻ ഭരണസമിതി 20 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ പ്രവൃത്തിയും മാർച്ച് 31-നകം പൂർത്തിയാക്കും. അതേ സമയം കഴിഞ്ഞ ബജറ്റിൽ ബസ് സ്റ്റാൻഡിൽ ഭൂഗർഭ മലിനജല സംസ്കരണ സംവിധാനം (എസ്‌ടിപി) ഒരുക്കാൻ 90 ലക്ഷം വകയിരുത്തിയിരുന്നു. ഇതിൻ്റെ തുടർ നടപടികൾ ഉണ്ടായിട്ടില്ല.

Previous Post Next Post