തളിപ്പറമ്പ് :- ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അനധികൃത മണ്ണെടുപ്പിന് കരാറുകാർക്ക് 72.6 ലക്ഷം രൂപ പിഴ. കേരള മൈനർ മിനറൽ കൺസഷൻ ചട്ടങ്ങൾ പ്രകാരം ജില്ല മിനറൽ സ്ക്വാഡ് ആണ് പിഴയിട്ടത്. കുപ്പം പ്രദേശത്തു നിന്നാണ് അനധികൃത മണ്ണ് ഖനനമുണ്ടായത്. ദേശീയപാത നിർമാണത്തിന് അനുവദിച്ച സ്ഥലത്തു നിന്നല്ലാതെ മണ്ണ് നീക്കിയതിന് കരാറുകാരായ മേഘാ എൻജിനീയറിങ് കമ്പനിയാണ് പിഴ ഒടുക്കിയത്. ജില്ല മിനറൽ സ്ക്വാഡ് ജിയോളജിസ്റ്റ് കെ.കെ വിജയയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൻതുക പിഴ അടപ്പിച്ചത്. പതിനഞ്ചോളം വ്യക്തികളുടെ പറമ്പിൽ നിന്നാണ് മണ്ണ് ഖനനം ചെയ്തത്. ദേശീയ പാതയ്ക്കായി അളന്നെടുത്ത സ്ഥലത്തുനിന്നും മണ്ണെടുക്കുന്നതിന് കരാറുകാരായ കമ്പനിക്ക് തടസ്സമില്ല.
എന്നാൽ മറ്റു സ്ഥലങ്ങളിലെ മണ്ണ് ഖനനത്തിന് ബന്ധപ്പെട്ട വകുപ്പിന്റെ അനുവാദം വേണം. ദേശീയപാത നിർമാണത്തിന്റെ മറവിൽ അനധികൃത മണ്ണ് നീക്കമുള്ളതായി പരാതികളുണ്ടാകാറുണ്ട്. കുപ്പം പാലത്തിന് ഇരുഭാഗത്തെയും കുന്നുകൾ ഇടിച്ചുനിരത്തിക്കഴിഞ്ഞു ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കുപ്പംകണികുന്ന് ഭാഗത്ത് അശാസ്ത്രീയമായും അനധികൃതമായും മണ്ണെടുക്കുന്നതാണ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. കപ്പണത്തട്ടിൽ കുന്നിടിച്ചതിനെ തുടർന്ന് കഴിഞ്ഞ മഴകാലം കുപ്പം സി.എച്ച് നഗറിലെ വീടുകളിൽ ചളിവെള്ളം നിറഞ്ഞത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. തുടർന്നും ഈ ഭാഗത്ത് വ്യാപകമണ്ണടുപ്പുണ്ടായിട്ടുണ്ട്. കപ്പണത്തെട്ട് ഭാഗത്ത് സംരക്ഷണഭിത്തി ഉയരുന്നതാണ് ആശ്വാസം.
