തിരുവനന്തപുരം :- സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുകയാണ്. 250 രൂപയിലധികമാണ് 1 കിലോ കോഴിയിറച്ചി ലഭിക്കാൻ കേരളത്തിൽ നൽകേണ്ടി വരുന്നത്. രണ്ടാഴ്‌ച മുമ്പ് കോഴിക്കോട് ബ്രോയിലർ കോഴിയിറച്ചിക്ക് കിലോയ്ക്ക് 200 രൂപ ആയിരുന്നു വില. അതോടൊപ്പം, സംസ്ഥാനത്തെ ചില ഭാഗങ്ങളിൽ പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ചില നിയന്ത്രണങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഇതൊന്നും പുതുവൽസര ദിനത്തിലെ കോഴിയിറച്ചി വിൽപനയെ ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ പറയുന്നത്. മാത്രമല്ല ന്യൂ ഇയർ ദിവസം വലിയ കുതിച്ചു ചാട്ടമുണ്ടായെന്ന കണക്കുകളും പുറത്തുവന്നിരുന്നു. സാധാരണ ദിവസങ്ങളിൽ ഹോട്ടലുകളിലേക്കും വീടുകളിലേക്കുമുൾപ്പെടെ ഒരു ദിവസം ശരാശരി 22 ലക്ഷം കിലോ ആണ് വിൽപ്പന നടത്താറുള്ളത്. ഇതിൽ സീസൺ അനുസരിച്ച് ചെറിയ വ്യത്യാസമുണ്ടാകാറുണ്ട്. എന്നാൽ, പുതുവർഷത്തലേന്ന് 32 ലക്ഷം കിലോ കോഴിയിറച്ചിയാണ് കേരളത്തിൽ വിറ്റു പോയത്.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിൽ ഒന്നര ലക്ഷം കിലോ ഇറച്ചിയോളം വിൽപ്പന നടത്തിയിരുന്നു. 84,000 കിലോ കോഴിയറിച്ചി വിൽപ്പന നടത്തിയ വയനാടാണ് ലിസ്റ്റിൽ ഏറ്റവും പിന്നിൽ. മൂന്നര ലക്ഷം കിലോ ഇറച്ചി വിറ്റ മലപ്പുറം, എറണാകുളം, കോഴിക്കോട് ലിസ്റ്റിൽ ആദ്യ ഇടം നേടിയിട്ടുള്ളത്. എന്നാൽ വിലക്കയറ്റം ഇത് പോലെ തുടർന്നാൽ സാധാരണ ഉപഭോക്താക്കൾ വലിയ പ്രതിസന്ധിയിലാകും. സിവിൽ സപ്ലൈസ് വിഭാഗം കർശനമായ ഇടപെടൽ നടത്തിയില്ലെങ്കിൽ കട അടപ്പ് സമരത്തിലേക്ക് വരെ പോകുമെന്ന് കോഴിക്കോട്ടെ ചിക്കൻ വ്യാപാരി വ്യവസായി സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ലഗോൺ കോഴി ഇറച്ചിക്ക് കിലോയ്ക്ക് 230 രൂപയായി. സ്പ്രിങിന് കിലോയ്ക്ക് 340 രൂപയായി വർദ്ധിച്ചു. ക്രിസ്‌മസ്, ന്യൂ ഇയർ, ആഘോഷങ്ങൾക്ക് ശേഷവും സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വൻകിട ഫാമുടമകൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വർദ്ധിപ്പിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു. ഇക്കാര്യത്തിൽ സർക്കാർ ഇടപെടൽ നടത്തിയില്ലെങ്കിൽ പ്രതിഷേധ നടപടികളിലേക്ക് കടക്കുമെന്നും ചെറുകിട വ്യാപാരികൾ പറയുന്നു. എന്നാൽ, കേരളത്തിൽ കോഴിയിറച്ചിയുടെ ഉത്പാദനം കുറഞ്ഞതും, അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരവ് കുറഞ്ഞതുമാണ് ഇതിന് കാരണമെന്നാണ് മറ്റൊരു വാദം.
