വാതിലിനടുത്ത് പുക മണം ; മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയ 4 എയർ ഇന്ത്യ പൈലറ്റുമാർക്ക് DGCA നോട്ടീസ്


ദില്ലി :- മതിയായ സുരക്ഷയില്ലാതെ വിമാനം പറത്തിയതിന് എയർ ഇന്ത്യ പൈലറ്റുമാർക്ക് നോട്ടീസ് നൽകി ഡയറക്ട‌റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ദില്ലി-ടോക്കിയോ, ടോക്കിയോ-ദില്ലി വിമാനങ്ങളുടെ നാല് പൈലറ്റുമാർക്കാണ് ഡിജിസിഎ നോട്ടീസ് നൽകിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകണം. പൈലറ്റുമാരുടെ മറുപടിക്ക് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. എയർക്രാഫ്റ്റ് ഡിസ്പാച്ച്, മിനിമം എക്യുപ്മെൻ്റ് ലിസ്റ്റ് (എംഇഎൽ) പാലിക്കൽ, ഫ്ലൈറ്റ് ക്രൂ തീരുമാനമെടുക്കൽ എന്നിവയിൽ വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ AI-358, AI-357 വിമാനങ്ങളുടെ പൈലറ്റുമാർക്കാണ് ഡിജിസിഎ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

ആവർത്തിച്ചുള്ള സാങ്കേതിക തകരാറുകളും സിസ്റ്റം തകരാറിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നിട്ടും പൈലറ്റ് വിമാനം പറത്തിയതായി ഡിജിസിഎ നോട്ടീസിൽ പറഞ്ഞു. Al-358 വിമാനം പറത്തുന്നതിനിടെ ഒരു വാതിലിനടുത്ത് പുകയുടെ ഗന്ധം റിപ്പോർട്ട് ചെയ്തതായും സിവിൽ ഏവിയേഷൻ അതോറിറ്റി നോട്ടീസിൽ പറയുന്നു. ഡിസംബർ 28ന് AI-358 എന്ന വിമാനത്തിന് താഴെ വലതുവശത്തെ റീസർക്കുലേഷൻ ഫാനിന് തകരാറുണ്ടെന്ന് കണ്ടെത്തിയിരുന്നു. പ്രവർത്തന സമയത്ത് ആവർത്തിച്ചുള്ള തകരാറുകൾ കണ്ടെത്തിയിട്ടും മതിയായ ധാരണയില്ലാതെയാണ് ഓപ്പറേറ്റിംഗ് ക്രൂ വിമാനം പറത്തിയതെന്നും നോട്ടീസിൽ പറയുന്നു.

Previous Post Next Post