കൊച്ചി :- ശബരിമലയിൽ സ്വർണക്കൊള്ളയുടെ വ്യാപ്‌തി കൂടുന്നു. നടന്നത് വൻ കൊള്ളയാണെന്നാണ് എസ്ഐടി അന്വേഷണത്തിലെ നിർണായക കണ്ടെത്തൽ. ശബരിമലയിലെ പ്രഭാമണ്ഡലത്തിലെ സ്വർണവും കൊള്ളയടിച്ചു. ഏഴു പാളികളിലെ സ്വർണമാണ് കൊള്ളയടിച്ചത്. കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപം, വ്യാളീ രൂപം എന്നിവയിൽ പൊതിഞ്ഞ സ്വർണവും തട്ടിയെടുത്തു. എസ്ഐടി കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്. അന്വേഷണ റിപ്പോർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. പ്രഭാമണ്ഡലത്തിലെ സ്വർണവും കട്ടിള പാളികൾക്ക് മുകളിലുള്ള ശിവരൂപത്തിലെയും വ്യാളീരൂപത്തിലെയും പൊതിഞ്ഞ സ്വർണം കടത്തികൊണ്ടുപോയി ചെന്നൈയിലെ സ്മാർട്ട് ക്രിയേഷനിൽ എത്തിച്ചാണ് വേർതിരിച്ചതെന്നും എസ്ഐടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രതികൾ ഹാജരാക്കിയ സ്വർണത്തേക്കൾ കൂടുതൽ സ്വർണം ഇനിയും കണ്ടെത്താനുണ്ടെന്നും അധിക സ്വർണം കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും എസ്ഐടി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
പണിക്കൂലിയായി എടുത്ത സ്വർണം കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി എസ് ഐ ടിക്ക് മുന്നിൽ ഹാജരാക്കി.109. 243 ഗ്രാം സ്വർണമാണ് എസ്ഐടിക്ക് കൈമാറിയത്. ഇതിനിടെ, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ടതിൽ ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകി. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സോണിയയെ ദില്ലിയിലെത്തി കണ്ടതിനെക്കുറിച്ച് ശബരിമല സ്വർണക്കൊള്ള കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റി പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. ഈ വിവരങ്ങളും അന്വേഷണ സംഘം തിങ്കളാഴ്ച ഹൈക്കോടതിക്ക് കൈമാറും. കൊള്ളയടിച്ച സ്വർണം എന്തുചെയ്തെന്നും ഉണ്ണികൃഷ്ണൻ പോറ്റിയും ഗോവർധനും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. പൂജ നടത്തിയ സ്ഥലങ്ങൾ, കൊണ്ടു പോകാൻ ഉപയോഗിച്ച വാഹനങ്ങൾ എന്നിവയെക്കുറിച്ചും മൊഴി കൊടുത്തു. ഇതിനിടെ, സ്വർണക്കൊള്ള കേസിൽ അടുത്തയാഴ്ച്‌ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പിഎസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുമെങ്കിലും എന്ന് വിളിപ്പിക്കണമെന്ന് തീരുമാനിച്ചിട്ടില്ല
