'ബാങ്ക് അക്കൗണ്ടിലേക്ക് 46,715 രൂപ ലഭിക്കും' ; വ്യാജ സന്ദേശത്തിൽ വീഴരുതെന്ന് മുന്നറിയിപ്പ്


മുംബൈ :- രാജ്യത്ത് എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് കേന്ദ്ര ധനമന്ത്രാലയം 46,715 രൂപവീതം ഉടൻ നിക്ഷേപിക്കുമെന്ന വ്യാജസന്ദേശം വ്യാപകമാകുന്നു. സാമൂഹികമാധ്യമങ്ങൾ വഴിയാണ് ഇത് പ്രചരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണിതെന്നും സന്ദേശത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇത് വിശ്വസിക്കരുതെന്നും സാമ്പത്തിക തട്ടിപ്പാണെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഫാക്ട് ചെക്ക് വ്യക്തമാക്കി. ധനമന്ത്രാലയം ഇത്തരമൊരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ല. ഒരു രൂപപോലും ഇത്തരത്തിൽ കൈമാറുന്നുമില്ല. 

സർക്കാർ പദ്ധതിയെന്നു തോന്നിപ്പിക്കുന്നതിനായി അശോ കസ്തംഭം ഉൾപ്പെടുത്തിയുള്ള പേജിനു താഴെ രജിസ്റ്റർ ആൻഡ് സപ്പോർട്ട് എന്ന ലിങ്ക് ബട്ടൺകൂടി സന്ദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യക്തിവിവരങ്ങൾ തേടിയുള്ള ഈ ലിങ്കിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. വ്യക്തിവിവരങ്ങൾ ചോർത്തുന്നതിനാണ് ഇത്തരം ഫിഷിങ് ലിങ്കുകൾ ഉപയോഗിക്കുന്നത്. സർക്കാർപദ്ധതികൾ ഒന്നും സാമൂഹികമാധ്യമം വഴി പ്രചരിപ്പിക്കുന്നില്ലെന്നും പിഐബിയുടെ വിശദീകരണത്തിൽ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം ലിങ്കുകളിൽ കയറി വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Previous Post Next Post