മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ വേണമെന്ന് ഹൈക്കോടതി


കൊച്ചി :- മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പ്രത്യേക സെൽ രൂപവത്കരിക്കുന്നത് സർക്കാർ പരിഗണിക്കണമെന്ന് ഹൈക്കോടതി. ചീഫ് സെക്രട്ടറിക്കാണ് നിർദേശം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് വി.എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിൻ്റേതാണ് ഉത്തരവ്. അന്ധവിശ്വാസവിരുദ്ധ നിയമനിർമാണത്തിന് കാലതാമസം ഉണ്ടാകുന്നത് കണക്കിലെടുത്താണ് ഇടക്കാല സംവിധാനമെന്ന നിലയിൽ പ്രത്യേക സെല്ലെന്ന നിർദേശം മുന്നോട്ടുവെച്ചത്. 

നിലവിലെ നിയമങ്ങൾ മന്ത്രവാദവും ആഭിചാര പ്രവർത്തനങ്ങളും തടയാൻ പര്യാപ്തമാണെന്ന സർക്കാർ നിലപാട് കണക്കിലെടുത്താണ് ഉത്തരവ്. പുതിയ നിയമം നിർമിക്കുന്ന നടപടികൾ തുടരാൻ ഇത് തടസ്സമാകില്ലെന്നും കോടതി വ്യക്തമാക്കി. വിഷയം ഫെബ്രുവരി 10-ന് വീണ്ടും പരിഗണിക്കും. മന്ത്രവാദവും ആഭിചാരപ്രവർത്തനങ്ങളും തടയാൻ കർശന നിയമനിർമാണം ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് കോടതിയിലുള്ളത്. മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം മാറ്റിവെച്ച മന്ത്രവാദ, ആഭിചാര നിരോധന ബില്ലിന് പകരം അന്ധവിശ്വാസവിരുദ്ധ നിയമം കൊണ്ടുവരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.

Previous Post Next Post