കർഷകർക്ക് ആശങ്കയായി വളം വില ഉയരുന്നു ; ഫാക്ടംഫോസിന് വീണ്ടും 50 രൂപ കൂട്ടി


തിരുവനന്തപുരം :- ഫാക്ടംഫോസിന്റെ (15-15-0-13) വില ചാക്കിന് 50 രൂപ കൂട്ടി. 1,425 രൂപയായിരുന്നത് 1,475 രൂപയാക്കി. ആറുമാസത്തിനിടെ ചാക്കിന് 125 രൂപയാണ് കൂടിയത്. കേന്ദ്രസർക്കാർ രാസവളങ്ങൾക്ക് നൽകുന്ന സബ്‌സിഡിയിൽ കുറവ് വരുത്തിയതോടെയാണ് വില കുതിച്ചുയരുന്നത്. തത്തുല്യമായ ഇഫ്കോ വളത്തിൻ്റെ വില 1,400-ൽ നിന്ന് 1,450 രൂപയാക്കിയിരുന്നു. മറ്റ് സ്വകാര്യ രാസവളം കമ്പനികളും സമാനമായ വളത്തിന് ചാക്കിന് 50 രൂപ കൂട്ടിയിട്ടുണ്ട്. പൊട്ടാഷിൻ്റെ വില ആറുമാസത്തിനിടെ ചാക്കിന് 400 രൂപ കൂടിയതിന് പിന്നാലെയാണിത്. പൊട്ടാഷിന് ചാക്കിന് 1,400-ൽ നിന്ന് 1,800 രൂപയായി ഉയർന്നു.

ഫാക്ടിന്റെ 15-15-15 എന്ന പൊട്ടാഷ് ചേർന്ന വളത്തിൻ്റെ വില 1,425-ൽ നിന്ന് 1,650 രൂപയായി. ഐപിഎല്ലിൻ്റെ 16-16-16 എന്ന കോംപ്ലക്സ് വളത്തിന് 50 രൂപ വർധിച്ച് 1,675 രൂപയായി. ഉയർന്ന സബ്‌സിഡിയുള്ള ഡൈ അമോണിയം ഫോസ്ഫേറ്റ് (1350 രൂപ), യൂറിയ (266.50 രൂപ) എന്നിവയുടെ വില മാത്രമാണ് കൂടാത്തത് .സൾഫേറ്റു കൂടി എടുക്കണമെന്ന് വ്യാപാരികൾ നിർബന്ധിക്കുന്നതായി കർഷകർ പറയുന്നു. വർധിച്ച കൃഷിച്ചെലവുകൾക്കുപുറമേ, രാസവളത്തിൻ്റെ വിലവർധന കർഷകർക്ക് അധികബാധ്യതയായി.

 2023-24-ലെ ബജറ്റിൽ 65,199 കോടി രൂപ സബ്‌സിഡി നൽകിയത് 2024-25-ൽ 52,310 കോടിയായും 2025-26-ൽ 49,000 കോടിയായും വെട്ടിക്കുറച്ചു. 2017 മുതൽ വളം സബ്‌സിഡി കർഷകർക്ക് നേരിട്ടുനൽകാതെ രാസവളം കമ്പനികൾക്കാണ് നൽകുന്നത്. കേന്ദ്രീകൃത സംവിധാനമായ മൊബൈൽ ഫെർട്ടിലൈസർ മാനേജ്മെന്റ് സിസ്റ്റം (എംഎംഎസ്) മുഖേനയാണിത്. വിൽപ്പനക്കാർ കർ ഷകന് വളം നൽകുമ്പോൾ പിഒഎസ് (പോയിന്റ് ഓഫ് സെയിൽ) യന്ത്രത്തിൽ ആധാറും വിരലടയാളവും രേഖപ്പെടുത്തണം. പിന്നീടിത് ഇ-പോസ് മെഷീൻ മുഖേനയാക്കി.

വളം സബ്സിഡി സംബന്ധിച്ച കേന്ദ്ര രാസവളം വകുപ്പിൻ്റെ വ്യവസ്ഥകൾ മൂലം കമ്പനികൾക്ക് നിഷേധാത്മക നിലപാടുണ്ട്. ഓരോ ചാക്കും വിറ്റുപോകുമ്പോൾ കമ്പനികൾക്കാണ് സബ്‌സിഡി ലഭിക്കുക. സബ്‌സിഡിത്തുക കുറവുചെയ്താണ് പരമാവധി ചില്ലറ വിൽപ്പന (എം ആർപി) വില നിശ്ചയിക്കുന്നത്. സബ്സിഡി കൂട്ടിത്തരണമെന്നും അല്ലെങ്കിൽ പരമാവധി ചില്ലറവിൽപ്പന വില നിശ്ചയിക്കാനുള്ള അനുവാദം നൽകണമെന്നുമാണ് കമ്പനികളുടെ ആവശ്യം. അങ്ങനെവന്നാൽ വില വീണ്ടുമുയരും.

Previous Post Next Post