റെയിൽവേ ഭൂമിയിൽ മാലിന്യം തള്ളി ; പഴയങ്ങാടി റെയിൽവേ സ്റ്റേഷന് 5000 രൂപ പിഴചുമത്തി


പഴയങ്ങാടി :- റെയിൽവേ ഭൂമിയിൽ വ്യാപകമായി മാലിന്യം തള്ളിയതിന് പഴയങ്ങാടി റെയിൽവേ സ്റ്റേഷന് ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് 5000 രൂപ പിഴയിട്ടു. മാടായി ഗ്രാമപ്പഞ്ചായത്ത് പരിധിയിലെ പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസര പ്രദേശങ്ങളിലും റെയിൽവേ ഉടമസ്ഥതയിലുള്ള മുത്തപ്പൻ മടപ്പുര സ്ഥലമുൾപ്പെടുന്ന സ്ഥലത്തുമാണ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങളും ഹരിതകർമസേനയ്ക്ക് കൈ മാറാൻ കഴിയുന്ന നിരവധി പ്ലാസ്റ്റിക് കവറുകളുമാണ് മടപ്പുരയ്ക്ക് സമീപത്ത് വലിച്ചെറിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. 

സർക്കാർ ഉത്തരവ് പ്രകാരം നിരോധിത തെർമോക്കോൾ പ്ലേറ്റുകൾ ഉൾപ്പടെയാണ് മടപ്പുരയ്ക്ക് ഉള്ളിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്. മാട്ടൂൽ പുതിയങ്ങാടി റോഡിലും റെയിൽവേ പാർക്കിങ്ങിനോടുചേർന്ന പ്രദേശങ്ങളിലും ചാക്കുകളിലും അല്ലാതെയും മാലിന്യം തള്ളിയിരിക്കുന്നതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷൻ്റെ മുൻവശത്ത് കോൺക്രീറ്റ് റിങ്ങിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിച്ചുവരുന്നതായും കണ്ടെത്തി.

മാലിന്യങ്ങൾ വലിച്ചെറിയൽ വളരെ വ്യാപകമായി റെയിൽവേ ഭൂമിയിൽ നടന്നു വരുന്നുണ്ടെന്നും മാലിന്യം വലിച്ചെറിയുന്ന വ്യക്തികൾക്കെതിരേയും ശക്തമായ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും സ്ക്വാഡ് അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നത് തടയാൻ സിസിടിവി, വേലി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സ്ക്വാഡ് പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാസ്റ്റർക്ക് നിർദേശം നൽകി. കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരമാണ് 5000 രൂപ പിഴ ചുമത്തിയത്. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്മെന്റ സ്ക്വാഡ് ലീഡർ പി.പി അഷ്റഫ്, സ്ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ ദിബിൽ മാടായി ഗ്രാമപ്പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നീതു രവി എന്നിവർ പങ്കെടുത്തു.

Previous Post Next Post