പരിയാരം :- മൂന്നുവയസ്സുകാരന്റെ ശ്വാസനാളത്തിൽ കുടുങ്ങിയ ബൾബ് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മാതമംഗലം സ്വദേശിയായ കുട്ടിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ ടിവി റിമോട്ടിൻ്റെ എൽഇഡി ബൾബാണ് ചികിത്സയിലൂടെ നീക്കം ചെയ്തത്. ശ്വാസതടസ്സ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സാധാരണ പോലെയായശേഷം കുട്ടിയെ വിട്ടയച്ചു.
ശിശുശസ്ത്രക്രിയാ വിഭാഗത്തിലെ ഡോക്ടർമാരാണ് വളരെ സങ്കീർണമായ ബ്രോങ്കോസ്ലോപ്പി ശസ്ത്രക്രിയ നടത്തിയത്. ഡോ. വരുൺ ശബരി നേതൃത്വം നൽകി. ഡോ. അനു, ഡോ. നാഗദിവ്യ, സിസ്റ്റർ ബബിത എന്നിവരാണ് മെഡിക്കൽ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ. ബ്രോങ്കോസ്ലോപ്പിക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ, നഴ്സിങ് വിഭാഗം ജീവനക്കാർ, ഓപ്പറേഷൻ തീയേറ്റർ ജീവനക്കാർ എന്നിവരെ പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. സുദീപ് എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു.
